വി സിയുടെ തീരുമാനം സിൻഡിക്കറ്റ് റദ്ദാക്കി; ചുമതലയേറ്റ് രജിസ്ട്രാർ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാർ ചുതലയേറ്റെടുത്തു. ചട്ടവിരുദ്ധമായി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി സിൻഡിക്കറ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് വീണ്ടും ചുമതലയേറ്റത്.
ഞായറാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. വി സിയുടെ താൽകാലിക ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജിപ്പ് മറികടന്നാണ് ഭൂരിപക്ഷം സിൻഡിക്കറ്റ് അംഗങ്ങളും തീരുമാനമെടുത്തത്. രജിസ്ട്രാര്‍ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. എന്നാൽ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽകാലിക വി സി തയ്യാറായിരുന്നില്ല. തുടർന്ന് സിൻഡിക്കറ്റ് യോഗത്തിൽ നിന്ന് സിസ തോമസ് ഇറങ്ങിപ്പോയി. സസ്പെൻഷൻ റദ്ദാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് സിസാ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചർച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോയതോടെ സിൻഡിക്കറ്റ് അംഗങ്ങൾ അവരിൽനിന്ന് തന്നെ ചെയർപേഴ്സണെ തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആ ചെയർപേഴ്സൺ സിൻഡിക്കറ്റ് യോഗം നടത്തിയാണ് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തത്.
കേരള സർവകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാൽ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിർദേശത്തിൽ വൈസ് ചാൻസലർ മോഹന്‍ കുന്നുമ്മല്‍, രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രാർ പോലെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്കെതിരെ നടപടിയെടുക്കാൻ അധികാരമുള്ള സിൻഡിക്കറ്റിനെ മറികടന്നാണ് വി സിയുടെ അമിതാധികാര പ്രയോഗം. രജിസ്ട്രാര്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിൻഡിക്കറ്റ് തീരുമാനമില്ലാതെ, തന്നെ സസ്‌പെൻഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
0 comments