പിരപ്പൻകോട് നീന്തൽ പരിശീലനത്തിന് ആയിരങ്ങള്‍
നീന്തിക്കയറാൻ ഒരു ഗ്രാമം

ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on May 11, 2025, 11:54 PM | 1 min read
വെഞ്ഞാറമൂട് : പിരപ്പൻകോടിന്റെ നീന്തൽ പെരുമ അന്തർദേശീയ തലത്തിലേക്ക് എത്തുമ്പോൾ അവധിക്കാല പരിശീലനത്തിന് ആയിരങ്ങള്‍. ഓരോ വർഷവും നീന്തല്‍ പരിശീലനത്തിന് കുട്ടികളുടെ എണ്ണം കൂടി വരികയാണ്. നീന്തലിന് സർക്കാർ നൽകുന്ന പ്രാധാന്യവും ദേശീയതലത്തിൽ മികച്ച കായിക താരങ്ങളെ വാർത്തെടുത്ത വിദഗ്ധരായ അധ്യാപകരുമാണ് പിരപ്പൻകോട്ടേക്ക് കുട്ടികളെ എത്തിക്കുന്നത്. 1952ൽ അഡ്വ. പിരപ്പൻകോട് ശ്രീധരൻ നായരും എൻ പരമേശ്വരൻ നായരും ചേർന്നാണ് പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ നീന്തൽ ക്ലബ് (ഡോൾഫിൻ ക്ലബ്) തുടങ്ങിയത്. പിന്നിട് നൂറോളം അന്തർദേശീയ-, ദേശീയ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്‌തു. ആയിരങ്ങള്‍ക്ക് പരിശീലനവും നല്‍കി. മുൻ ദേശീയ നീന്തൽ താരവും അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റുമായ എസ് രാജീവിനെ പിരപ്പൻകോട് സംഭാവന നൽകിയതാണ്.
മൂന്ന് ഒളിമ്പിക്സ് മത്സരങ്ങളിലും ഒരു ലോക ചാമ്പ്യൻഷിപ്പിലും ഉൾപ്പെടെ 20 അന്തർദേശീയ മത്സരങ്ങളിലും റഫറിയായി. 1982ൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് വിജയിച്ച ആർ ജയകുമാർ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബി ബാലചന്ദ്രൻ, അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി ടി എസ് മുരളീധരൻനായർ, ശശിധരൻ നായർ, ജി ശ്രീകുമാർ, ജി ബാബു, ശ്രീക്കുട്ടി, അനിൽകുമാർ തുടങ്ങിയവരെയെല്ലാം ഇവിടെ നിന്ന് നീന്തിക്കയറിയവരാണ്.
നീന്തലിലും വാട്ടർ പോളോയിലും സംസ്ഥാനത്തിനും ജില്ലയ്‌ക്കും മുന്നേറ്റത്തിന് ഈ നീന്തൽ ഗ്രാമം നല്‍കിയത് വലിയ പങ്കാണ്. ഡോൾഫിൻ ക്ലബ്, പുലരി സ്വിമ്മിങ് ക്ലബ്, പ്രിയദർശിനി സ്വിമ്മിങ് ക്ലബ്, ഭാരത് സ്പോർട്സ് സെന്റര്‍, നെല്ലനാട് പഞ്ചായത്തിലെ ആലന്തറ ശ്രീശാസ്താ സ്വിമ്മിങ് ക്ലബ് എന്നിവയാണ് പിരപ്പൻകോട്ടെ പ്രധാന നീന്തൽ പരിശീലന ക്ലബ്ബുകൾ. ഒട്ടേറെ നീന്തൽ താരങ്ങൾക്ക് ജന്മം നൽകിയ കായിക ഗ്രാമം ഓരോ മത്സരത്തിലും പുതിയ താരങ്ങളെ വാർത്തെടുക്കുകയാണ്. മറ്റ് സ്ഥലങ്ങളിൽനിന്നും നിരവധി പേര്‍ ഇവിടെ നീന്തൽ പരിശീലനത്തിനെത്തുന്നുണ്ട്.









0 comments