ജനാധിപത്യ മഹിളാ അസോസിയേഷൻ സുശീലാ ഗോപാലൻ സ്‌മാരകമന്ദിരം ബൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്തു

കണ്ണൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി തളാപ്പിൽ നിർമിച്ച സുശീല ഗോപാലൻ സ്‌മാരകമന്ദിരം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്തു. പി ദേവൂട്ടി സ്‌മാരക ഹാൾ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതിയും കെ ദേവയാനി സ്‌മാരക ഹാൾ വൈസ് പ്രസിഡന്റ് കെ കെ ശൈലജയും ലീഗൽ ആൻഡ് കൗൺസലിങ് സെന്റർ വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവിയും എൻ കെ നന്ദിനി മെമ്മോറിയൽ ലൈബ്രറി ആൻഡ് ജെൻഡർ സ്റ്റഡി സെന്റർ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയും ഉദ്ഘാടനം ചെയ്തു. മുൻകാല നേതാക്കളുടെ ഫോട്ടോ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അനാച്ഛാദനം ചെയ്തു. മുതിർന്ന നേതാവ് കെ ലീല പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി സരള ഓർമമരം നട്ടു.
മൂന്നുനിലകളിലായി നിർമിച്ച കെട്ടിടത്തിൽ കൗൺസലിങ്– നിയമസഹായകേന്ദ്രം, ലൈബ്രറി, ഡോർമിറ്ററി, 400 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാൾ, മീറ്റിങ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ദമ്പതിമാരായ തെൻഷീന ഷെറിൻ അഹമ്മദ് , ഫാഹ്മി അബ്ദുള്ള എന്നിവരാണ് ആർക്കിടെക്ടുമാർ. അബ്ദുൾ ഗഫൂറാണ് -പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ്.
കലക്ടറേറ്റ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ കാൽലക്ഷം മഹിളാപ്രവർത്തകർ അണിനിരന്നു. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ പി വി പ്രീത അധ്യക്ഷയായി. സെക്രട്ടറി പി കെ ശ്യാമള പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. അഖിലേന്ത്യ സെക്രട്ടറി എൻ സുകന്യ സ്വാഗതം പറഞ്ഞു. ആർക്കിടെക്ട് തെൻഷീന ഷെറിൻ അഹമ്മദിനെ ബൃന്ദ കാരാട്ട് ആദരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാസെക്രട്ടറി എം വി ജയരാജൻ, മഹിളാഅസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി തുടങ്ങിയവർ പങ്കെടുത്തു. ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയർമാനുമായ പുഷ്പവതിയുടെ ഗാനമേള അരങ്ങേറി. പയ്യന്നൂർ ഏരിയയിലെ മഹിളാ പ്രവർത്തകരുടെ നാടകം ‘കുത്തിത്തിരിപ്പും’ വിവിധ കലാപരിപാടികളും അരങ്ങേറി.









0 comments