നടുക്കം മാറാതെ ; "മലയാളികൾ സുരക്ഷിതരാണ്‌ , പുറത്തുവരുന്ന വാർത്തകളിൽ ആശങ്കവേണ്ട’’

keralites in israel
avatar
സി ജെ ഹരികുമാർ

Published on Jun 18, 2025, 01:47 AM | 1 min read


പത്തനംതിട്ട

‘‘എല്ലാവരും സുരക്ഷിത സ്ഥാനത്തേക്ക്‌ മാറിയതിനാൽ ആളപായമോ പരിക്കോ ഇല്ല . മലയാളികൾ സുരക്ഷിതരാണ്‌. പുറത്തുവരുന്ന വാർത്തകളിൽ ആശങ്കവേണ്ട’’. ടെൽഅവീവിലെ രാമത് ഗാൻ പട്ടണത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന മൂവാറ്റുപുഴ പൈങ്ങോട്ടൂർ ഞാറക്കാട്‌ സ്വദേശി സുരേഷ്‌ പി സുകുമാരൻ ദേശാഭിമാനിയോട്‌ പറഞ്ഞു.


വെള്ളി രാത്രി ഇറാന്റെ മിസൈലാക്രമണത്തിൽ സുരേഷ്‌ താമസിക്കുന്ന നാലുനില ഫ്ലാറ്റ്‌ പൂർണമായി തകർന്നു. തൊഴിലുടമ ജേക്കബ്‌ മൊറാനയുടെ രണ്ടാം നിലയിലെ അപ്പാർട്ട്‌മെന്റടക്കം തകർന്നു. താമസക്കാരുടെ വസ്‌ത്രവും പാസ്‌പോർട്ടുമടക്കം മുഴുവൻ സാധനങ്ങളും നഷ്‌ടമായി. അണ്ടർഗ്രൗണ്ട്‌ ഷെൽറ്ററിലേക്ക്‌ മാറാൻ തൊഴിലുടമയ്‌ക്ക്‌ ആരോഗ്യമില്ലാത്തതിനാൽ ഫ്ലാറ്റിൽ സുരക്ഷിത സ്ഥലമൊരുക്കി രക്ഷപ്പെടുകയായിരുന്നു. മറ്റുള്ളവരെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. ടെൽഅവീവിൽ മാത്രം ആയിരത്തിലധികം മലയാളികളുണ്ട്‌. താമസസ്ഥലം നഷ്ടമായതിനാൽതൊഴിലുടമയുടെ മകന്റെ ജറുസലേമിലെ വീട്ടിലേക്ക്‌ താമസം മാറ്റിയെന്ന്‌ സുരേഷ്‌ പറഞ്ഞു.


നാട്ടിലേക്ക്‌ മടങ്ങിവരാനുള്ള സാഹചര്യം നിലവില്ല. നോർക്കയിൽ നിന്നും മറ്റും വിളിച്ച്‌ വിവരങ്ങൾ അന്വേഷിച്ചിരുന്നു. കുടുംബാംഗങ്ങളെയും സ്ഥിരമായി ബന്ധപ്പെടാറുണ്ട്‌. സംഘർഷം എത്രയുംവേഗം അവസാനിക്കുമെന്നാണ്‌ പ്രതീക്ഷ. ഇന്ത്യൻ എംബസി ഇടപെട്ട്‌ ഇതുവരെ ഒഴിപ്പിക്കൽ നടപടി തുടങ്ങിയിട്ടില്ല. മറിച്ചുള്ളത്‌ വ്യാജപ്രചാരണമാണെന്നും- സുരേഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home