‘നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി’ ; ജനങ്ങളെ അധിക്ഷേപിച്ച് സുരേഷ് ഗോപി

നിവേദനം വാങ്ങാൻ തയ്യാറാകാതെ വയോധികനോട് തിരികെ പോകാൻ ആവശ്യപ്പെടുന്ന സുരേഷ് ഗോപി
തൃശൂർ
നിവേദനം നൽകാനെത്തിയ വയോധികനെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗാേപി. എംപി എന്ന നിലയിൽ സുരേഷ് ഗോപി തൃശൂരിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ബിജെപിയിൽ നിന്നടക്കം വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനെ തുടർന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പുള്ളിൽ സംഘടിപ്പിച്ച ‘കലുങ്ക് വികസന സംവാദ’ത്തിലാണ് വയോധികനെ അധിക്ഷേപിച്ചത്.
നിവേദനം സുരേഷ് ഗോപിക്ക് നേരെ നീട്ടിയപ്പോള്‍ വാങ്ങാൻ വിസമ്മതിച്ചു. തുടർന്ന് ‘അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വയോധികന്‍ നിവേദനവുമായി വരുമ്പോള്‍ മറ്റൊരാളും നിവേദനം നല്‍കാൻ തൊട്ടടുത്ത് എത്തിയിരുന്നു. എന്നാല്‍, വയോധികനെ സുരേഷ് ഗോപി അധിക്ഷേപിച്ചതോടെ തന്റെ കയ്യിലുള്ള നിവേദനം പിന്നിലേക്ക് ഒളിപ്പിച്ച് അദ്ദേഹം പിൻമാറി.
ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് നല്‍കുക എന്ന വോട്ടറുടെ ചോദ്യത്തോട് ‘അതെ പറ്റുന്നുള്ളൂ ചേട്ടാ’ എന്നായിരുന്നു എംപിയുടെ മറുപടി. കോർപറേഷനിൽ ബിജെപിയെ വിജയിപ്പിച്ചാൽ മാത്രമേ നഗരവികസനത്തിന് എംപി ഫണ്ടിൽ നിന്ന് പണം നൽകൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് സുരേഷ് ഗോപിക്കെതിരെ ഉയരുന്നത്. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത വാക്കുകളും ശരീരഭാഷയുമാണ് സുരേഷ് ഗോപിയുടേത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് ഇപ്പോഴും സിനിമയിലെ ‘ഭരത്ചന്ദ്രൻ’ ആയി ജീവിക്കുകയാണെന്നാണ് വിമർശനം.









0 comments