മുല്ലപ്പെരിയാർ ഡാം സൈറ്റിലെ മരംമുറി; നാലാഴ്ചക്കുള്ളിൽ തീരുമാനെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ബേബി ഡാം ശക്തിപ്പെടുത്താനായി തമിഴ്‌നാട് നല്‍കിയ മരംമുറിക്കൽ അപേക്ഷയിൽ നാല് ആഴ്ചക്കകം തീരുമാനം എടുക്കാൻ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്.
അണക്കെട്ടില്‍ ഗ്രൗട്ടിങ് നടത്തുന്നതിന് മുന്നോടിയായി ആർഒവി (റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) പഠനം നടത്തണമെന്നും തമിഴ് നാടിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങൾ മുറിച്ച് മാറ്റുന്നത് ആവശ്യമാണെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം. തമിഴ്‌നാട് നല്‍കിയ അപേക്ഷയില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയതായി കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും അഭിഭാഷകന്‍ ജി. പ്രകാശും സുപ്രീംകോടതിയെ അറിയിച്ചു.
അണക്കെട്ടിലെ ഗ്രൗട്ടിങ്ങും ഒരു മാസത്തിനുള്ളില്‍ നടത്താം, റോഡുപണി മഴക്കാലത്തിന് ശേഷം മതി.
മുല്ലെപ്പെരിയാര്‍ അണക്കെട്ടിന്റെ ഗ്രൗട്ടിങ് നടത്താന്‍ മേല്‍നോട്ട സമിതി തമിഴ്‌നാടിന് നേരത്തെ അനുമതി നല്‍കിയിരുന്നു. നിര്‍ദേശിച്ചതുപോലെ ആർഒവി പഠനം നടത്തിയതിന് ശേഷമേ ഗ്രൗട്ടിങ് നടത്താന്‍ പാടുള്ളു എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മെയ് മാസത്തിൽ, അണക്കെട്ടുമായി ബന്ധപ്പെട്ട് സൂപ്പർവൈസറി കമ്മിറ്റി നൽകിയ ശുപാർശകൾ പാലിക്കാൻ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിന് അനുകൂലമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഇരു സംസ്ഥാനങ്ങളും ഇന്ന് അറിയിച്ചു.









0 comments