ഗവർണർക്ക് വീണ്ടും തിരിച്ചടി
ഡിജിറ്റല്‍, കെടിയു വിസി നിയമനം ; സര്‍ക്കാര്‍ പാനലില്‍ നിന്നുവേണമെന്ന് സുപ്രീംകോടതിയും

തിരുവനന്തപുരം
സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർ നിയമനം സർക്കാർ പാനലിൽനിന്നാകണമെന്ന ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ നൽകിയ അപ്പീലിൽ ബുധനാഴ്ചയാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച നിർദേശം ഇറക്കിയത്. വിധി വളച്ചൊടിച്ച്, ഗവർണറുടെ നിയമനം സാധുവാണെന്ന തരത്തിലാണ് വലതുപക്ഷ മാധ്യമങ്ങളും സംഘപരിവാർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചത്.
സാങ്കേതിക സർവകലാശാലയുടെ നിയമം–വകുപ്പ് 13(7), ഡിജിറ്റൽ സർവകലാശാല നിയമം വകുപ്പ്–- 10 (11) എന്നിവയാണ് കോടതി ചൂണ്ടിക്കാട്ടിയത്. നിലവിലുള്ള വിസിമാർക്ക് തുടരാൻ ചാൻസലർക്ക് പുതിയ വിജ്ഞാപനം ഇറക്കാമെങ്കിലും മുകളിൽപറഞ്ഞ വകുപ്പുകൾ അനുസരിച്ചേ നിയമനമാകാവൂ എന്ന് കോടതി വ്യക്തമാക്കി.
എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല നിയമം 2015 വകുപ്പ് 13 (7) പ്രകാരം വിസി ഒഴിവിൽ മറ്റേതെങ്കിലും സർവകലാശാല വിസിയെയോ പ്രൊ വിസിയെയോ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയോ സർക്കാർ ശുപാർശ പ്രകാരം ചാൻസലർ നിയമിക്കണം.
ഡിജിറ്റൽ സർവകലാശാല നിയമം വകുപ്പ് 11 (10) പ്രകാരം വിസിയുടെ ഒഴിവിൽ സർക്കാർ ശുപാർശപ്രകാരം ചാൻസലർ മറ്റ് സർവകലാശാലയുടെ വിസിയെയോ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറിയെയോ ആറുമാസത്തേക്ക് താൽക്കാലിക ചുമതലയിൽ നിയമിക്കണം.
സർക്കാർ നൽകുന്ന പട്ടികയിൽനിന്നല്ലാതെ ചാൻസലർക്ക് വിസിയെ നിയമിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഗവർണർ സുപ്രീംകോടതിയെ സമീപിച്ചത്.









0 comments