വിസി നിയമനം ; മുൻഗണനാക്രമം നിശ്ചയിക്കൽ മുഖ്യമന്ത്രിയുടെ അധികാരം : സുപ്രീംകോടതി

ന്യൂഡൽഹി
സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള മുൻഗണനാക്രമത്തിൽ പേര് നൽകാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർമാനായി റിട്ട. ജസ്‌റ്റിസ് സുധാൻഷു ധൂലിയയെ നിയമിച്ചുള്ള ഉത്തരവിന്റെ 19, 20, 21 ഖണ്ഡികകളിലാണ് കോടതി ഇത് വ്യക്തമാക്കുന്നത്. സർക്കാർ ശുപാർശയടങ്ങിയ ഫയൽ അനന്തമായി നീട്ടാനോ തിരിച്ചയക്കാനോ ഗവർണർക്ക് അധികാരമില്ല.
മുഖ്യമന്ത്രിയുടെ ശുപാർശയിലെ മുൻഗണനാക്രമം മാറ്റാനും ഗവർണർക്കാകില്ല. സെർച്ച് കമ്മിറ്റി നൽകുന്ന ചുരുക്കപ്പട്ടികയിൽനിന്നും വിസിമാരെ നിയമിക്കാനുള്ള മുൻഗണനാക്രമണം മുഖ്യമന്ത്രിക്ക് നിശ്ചയിക്കാം. ഇതിൽ ഗവർണർക്ക് ഇടപെടാനാവില്ല.
ചുരുക്കപ്പട്ടികയിലെ ഏതെങ്കിലും പേര് എതിർക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായാൽ അത് രണ്ടാഴ്‌ചക്കുള്ളിൽ ചാൻസലറായ ഗവർണറെ രേഖാമൂലം അറിയിക്കാം. ഇങ്ങനെ മുഖ്യമന്ത്രി നൽകുന്ന പട്ടികയിൽ നിന്ന് രണ്ടാഴ്‌ചക്കുള്ളിൽ വിസിമാരെ നിയമിച്ച് ഗവർണർ ഉത്തരവിടണം. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഫയൽ തിരിച്ചയക്കാൻ ഗവർണർക്ക് അധികാരമില്ല. ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തുകയോ സുപ്രീംകോടതിയെ അറിയിക്കുകയോ ചെയ്യാം.
ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രിക്കുള്ള വിയോജിപ്പ് സുപ്രീംകോടതിയെ നേരിട്ടറിയിക്കാമെന്നും ഉത്തരവിൽ എടുത്തുപറഞ്ഞു. സെർച്ച് കമ്മിറ്റി രൂപീകരിച്ചാൽ അംഗങ്ങളെ സംബന്ധിച്ച് ഒരു തകർക്കവും അനുവദിക്കില്ലന്നും ഇടക്കാല ഉത്തരവിലുണ്ട്. സംസ്ഥാന സർക്കാരിന്റെ വാദം പൂർണമായും അംഗീകരിക്കുന്നതാണ് കോടതിവിധി.









0 comments