ശ്രീനിവാസൻ വധം ; 10 വർഷം കഴിഞ്ഞാലും വിചാരണ പൂർത്തിയാകില്ല ; എൻഐഎക്ക് സുപ്രീംകോടതിയുടെ വിമർശം

ന്യൂഡൽഹി
പാലക്കാട്ടെ ആർഎസ്‌എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ടുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എൻഐഎയ്‌ക്ക് സുപ്രീംകോടതിയുടെ വിമർശം. എൻഐഎ വരുത്തുന്ന കാലതാമസംമൂലം വിചാരണ പത്തുവർഷം കഴിഞ്ഞാലും പൂർത്തിയാകില്ലെന്ന് ജസ്‌റ്റിസ് അഭയ് എസ് ഓക്ക, ജസ്‌റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വിമർശിച്ചു. ഹൈക്കോടതി ജാമ്യം നൽകാൻ വിസമ്മതിച്ച ഒമ്പത് പ്രതികളുടെ അപ്പീൽ പരിഗണിക്കവേയാണിത്. പ്രതികൾ ചെയ്‌ത കുറ്റം വലുതാണെന്നും ജാമ്യം നൽകരുതെന്നും കാട്ടി എൻഐഎ സത്യവാങ്‌മൂലം നൽകിയിരുന്നു. പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് ബന്ധമുള്ളവരാണെന്ന് ജാമ്യം നിഷേധിക്കാനുള്ള കാരണമായി വാദിച്ചു. എന്നാൽ ബൃഹത് സത്യവാങ്‌മൂലമായിട്ടാണ് ഫയൽ ചെയ്‌തതെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ ചാർട്ടായി എൻഐഎ നൽകിയിട്ടില്ലെന്നും ബെഞ്ച് വിമർശിച്ചു.
കോടതിക്ക് വിലപ്പെട്ട സമയമാണ് ഇതുമൂലം നഷ്‌ടപ്പെടുന്നത്. ഒരു ജാമ്യഹർജിയിൽ ആദ്യമായിട്ടാണ് തന്റെ കോടതി ഇത്രയും സമയം ചെലവഴിക്കുന്നതെന്ന് ജസ്റ്റിസ് ഓക്ക പറഞ്ഞതോടെ ഉടൻ ചാർട്ടായി നൽകാമെന്ന് എൻഐഎ ഉറപ്പുനൽകി. കേസിലെ വിചാരണ സ്‌റ്റേ ചെയ്‌തതിലും എൻഐഎയുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. കാലതാമസംമൂലമാണ് വിചാരണ സ്‌റ്റേ ചെയ്‌തത്. പ്രതിഭാഗം വാദം നടത്താൻ തയ്യാറാകാതെ കാലതാമസം വരുത്തുന്നുവെന്ന എൻഐഎ വാദവും കോടതി ഖണ്ഡിച്ചു.









0 comments