തമിഴ്‌നാട് നല്‍കിയ കേസിലെ വിധി കേരളത്തിനും ബാധകമാണെന്ന നിലപാടിന് തത്വത്തില്‍ അംഗീകാരം
ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന ഗവര്‍ണറുടെ നടപടി ; കേരളത്തിന് ഹര്‍ജി പിന്‍വലിക്കാം , കേന്ദ്രത്തിന് തിരിച്ചടി

റിതിൻ പൗലോസ്
Published on Jul 26, 2025, 03:18 AM | 1 min read
ന്യൂഡൽഹി
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവര്‍ണര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍, ഗവര്‍ണര്‍ ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരായ രണ്ട് ഹര്‍ജികളും പിൻവലിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, എ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ചിന്റെ നടപടി. തമിഴ്നാട് നല്‍കിയ കേസിലെ വിധി കേരളത്തിനും ബാധകമാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുള്ള തത്വത്തിലുള്ള അംഗീകാരംകൂടിയാണിത്. ഹര്‍ജികള്‍ പിൻവലിക്കുന്നത് തടഞ്ഞ് വിസി നിയമനങ്ങളിൽ മനഃപൂര്‍വം ആശയക്കുഴപ്പവും കാലതാമസവും സൃഷ്‌ടിക്കാനുള്ള കേന്ദ്രനീക്കമാണ് തകര്‍ന്നത്.
സമയപരിധി നിശ്ചയിച്ച വിധിയിൽ രാഷ്‌ട്രപതി നൽകിയ റഫറൻസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലേക്ക് കേരളത്തിന്റെ ഹര്‍ജികള്‍ മാറ്റണമെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി തള്ളി. കേരളം ഇപ്പോൾ ആവശ്യപ്പെട്ടത് ഹർജിയിലെ തീർപ്പല്ലെന്നും പകരം പിൻവലിക്കൽ മാത്രമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ബില്ലുകളിൽ ഒപ്പിടുന്നതിന് ഇരുവർക്കും ഏപ്രിൽ എട്ടിലെ വിധിയിൽ സമയപരിധി നിശ്ചയിച്ചതിനാൽ ഹർജികൾ അപ്രസക്തമാണെന്നും പിൻവലിക്കുന്നുവെന്നും കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ പറഞ്ഞു. കേരളത്തിന് വിധി ബാധകമല്ലെന്നും രണ്ടുസംസ്ഥാനങ്ങളിലെയും വിഷയങ്ങൾ വ്യത്യസ്‌തമാണെന്നും കേന്ദ്രത്തിനായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാ ദിച്ചു.
സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്‌ട്രപതി നൽകിയ റഫറൻസിനെ കേരളം എതിർക്കും. അടുത്തയാഴ്‌ച ഭരണഘടന ബെഞ്ച് ചേരുക.









0 comments