കെ സുധാകരന് പിന്തുണ: സതീശനെയും വേണുഗോപാലിനെയും മാറ്റണമെന്ന് പോസ്റ്റർ

പാലക്കാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും മാറ്റണമെന്നാവശ്യപ്പെട്ടും കെ സുധാകരന് പിന്തുണ അറിയിച്ചും പാലക്കാട് പോസ്റ്ററുകൾ. സേവ് കോൺഗ്രസ് എന്ന പേരിലാണ് കോട്ടമൈതാനത്തിന് സമീപവും സിവിൽ സ്റ്റേഷനുമുന്നിലും ഐഎംഎ ജങ്‌ഷനിലും ഞായറാഴ്‌ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സുധാകരനെ മാറ്റിയതുപോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാൽ കേരളം ഭരിക്കാമെന്നും കെ സി വേണുഗോപാലിനെ സ്ഥാനത്തുനിന്ന് മാറ്റിയാൽ കേന്ദ്രം ഭരിക്കാമെന്നും പോസ്റ്ററിൽ പറയുന്നു. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും സുധാകരൻ തന്നെയാണ് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവ് എന്നും പോസ്റ്ററിലുണ്ട്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റുമെന്ന പ്രചാരണം ശക്തമായതോടെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്‌ച പാലക്കാട് ഡിസിസി ഓഫീസിനുമുന്നിൽ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ അഭിമാനമാണ് സുധാകരനെന്നും അദ്ദേഹത്തെ എന്തിന് മാറ്റണമെന്നും എൽഡിഎഫിനെ എതിർക്കാൻ അദ്ദേഹത്തിനേ കഴിയൂ എന്നായിരുന്നു അന്ന് പോസ്റ്ററിലുണ്ടായിരുന്നത്.
അതോടൊപ്പം കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായ ഷാഫി പറമ്പിലിനെതിരെയും കോണ്‍ഗ്രസില്‍ കരുനീക്കം ശക്തമാക്കി. കെ ശ്രീകണ്ഠന്‍–-ഷാഫി ബലാബലത്തില്‍ ഷാഫി നേടുന്ന മേല്‍ക്കൈ ഏതുവിധത്തിലും ഇല്ലാതാക്കാനാണ് മറുവിഭാഗം കരുനീക്കുന്നത്.
കുറേ കാലങ്ങളായി ഇരുവിഭാഗവും തമ്മില്‍ പോര്‍മുഖം തുറന്നിട്ട്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതും ഷാഫി സതീശന്‍ കൂട്ടുകെട്ടാണെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും ശ്രീകണ്ഠപക്ഷവും കരുതുന്നു. ജില്ലാ നേതൃത്വത്തെ മറികടന്നാണ് ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടത്. ഇതിനെതിരെ പുകയുന്ന അമര്‍ഷം കൂടുതല്‍ ശക്തമാക്കാനാണ് ഷാഫിയുടെ പുതിയ നിയമനം വഴിവച്ചത്.









0 comments