റെക്കോഡിട്ട് വിപണന മേളകൾ ; സപ്ലൈകോയിൽ ഒറ്റദിവസം 24.22 കോടിയുടെ വിൽപ്പന

തിരുവനന്തപുരം
സർക്കാർ ഒരുക്കിയ വിപണന മേളകളിലേക്ക് ഉത്രാടനാൾ ജനങ്ങളുടെ ഒഴുക്കായിരുന്നു. സപ്ലൈകോ വിലക്കുറവിന്റെ ഹാപ്പി അവേർസ് പ്രഖ്യാപിച്ചതിനാൽ വൻ ജനത്തിരക്കായി. സമാനതകളില്ലത്ത ഒരു ആഘോഷകാലം സമ്മാനിച്ചതിന് അവർ സർക്കാരിന് നന്ദി പറഞ്ഞു.
ചരിത്രം സൃഷ്ടിച്ചാണ് സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ചന്തകൾ സമാപിച്ചത്. ഉത്രാട ദിനം വൈകിട്ടുവരെ 56 ലക്ഷം പേരാണ് സപ്ലൈകോ വിൽപനശാലകളിലേക്ക് എത്തിയതെന്നാണ് പ്രാഥമിക കണക്ക്. ഓണക്കാല വിൽപന 378 കോടി കടന്നു. ഇതിൽ 176.5 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്.
സപ്ലൈകോയുടെ 50 വർഷക്കാലത്തെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടി ഇൗ ഓണക്കാലത്ത് മറികടന്നു. തിങ്കൾ 22.2 കോടിയും ചൊവ്വ 24.99 കോടിയും ബുധൻ 24.22 കോടിയുമായിരുന്നു വിൽപന. ഉത്രാടദിനത്തിലെ വിൽപ്പനയുടെ അവസാന കണക്ക് എത്തുന്പോൾ 25 കോടി കടന്നേക്കുമെന്നാണ് സൂചന. നല്‍കിവരുന്ന ഓഫറുകള്‍ക്ക് പുറമെ എല്ലാ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്കും ഉത്രാടനാളിൽ 10 ശതമാനം വിലക്കുറവുണ്ടായി.
സഹകരണചന്തകൾ നാടിന്റെ മുക്കിലും മൂലയിലും തുറന്നു. ഇതിലൂടെ മൊത്തം വിൽപന 200 കോടി കടന്നു. കൃഷി വകുപ്പിന്റെ 2000 പച്ചക്കറി ചന്തയിലൂടെ 30ശതമാനം വിലക്കുറവിൽ പച്ചക്കറിയുമെത്തി. കർഷകരുടെ ഉൽപ്പന്നങ്ങൾ പൊതുവിപണിയുടെ 10 ശതമാനം കൂടുതൽ നൽകി സംഭരിച്ചായിരുന്നു വിൽപ്പന. കർഷകസംഘത്തിന്റെ പച്ചക്കറി ചന്തയും സർക്കാരിന്റെ വിപണി ഇടപെടലിന് കരുത്തായി.
385 കോടി ഓണവിറ്റുവരവ്
ഓണക്കാലത്ത് 385 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ആഗസ്‌ത് ഒന്നുമുതൽ സെപ്തംബർ നാലുവരെയുള്ള വിറ്റുവരവാണിത്. ജില്ലാ ഓണം ഫെയറുകൾ തുടങ്ങിയ ആഗസ്‌ത് 25 മുതൽ സെപ്തംബർ നാലുവരെയുള്ള വിറ്റുവരവ് 194 കോടി രൂപയാണ്. 56.6 ലക്ഷംപേരാണ് ആഗസ്‌ത് ഒന്നുമുതൽ സപ്ലൈകോ വിൽപ്പനശാലകൾ സന്ദർശിച്ചത്.









0 comments