ഇരുട്ടുകുത്തി കടവിൽ സപ്ലൈകോ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു

നിലമ്പൂർ: പോത്തുകല്ല് പഞ്ചായത്തിൽ ചാലിയാർ പുഴയ്ക്ക് അക്കരെയുള്ള ഇരുട്ടുകുത്തി കടവിൽ സപ്ലൈകോ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. കാലവർഷത്തിൽ കുത്തിയൊലിച്ച ചാലിയാർ പുഴയിൽ ചങ്ങാടം സർവീസ് നിർത്തിയിരുന്നു. ഇതോടെ ഫയർഫോഴ്സിന്റെ സഹായത്തിൽ റബ്ബർ ഡിങ്കിയിലാണ് സാധനങ്ങൾ അക്കരെ എത്തിച്ചത്. പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന തൂക്കുപാലം 2019 ലെ പ്രളയത്തിൽ തകർന്നിരുന്നു. പുതിയ പാലത്തിൻ്റെ പണി പുരോഗമിക്കുകയാണ്.
ആദിവാസി ജനവിഭാഗങ്ങൾമാത്രം താമസിക്കുന്ന പ്രദേശങ്ങളിലെ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് പൈലറ്റ് പദ്ധതിയിലെ ആദ്യ പാലത്തിന്റെ നിർമാണമാണിത്. സംസ്ഥാന സർക്കാർ അഞ്ചുകോടി 76 ലക്ഷമാണ് അനുവദിച്ചത്. മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി നഗറുകളിലേക്കാണ് ചാലിയാർ പുഴക്ക് കുറുകെ പാലം നിർമിക്കുന്നത്.
മുൻ മന്ത്രി കെ രാധാകൃഷ്ണന്റെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പും പട്ടികവർഗ വികസന വകുപ്പും ഒരുമിച്ചാണ് സംസ്ഥാന പൈലറ്റ് പ്രൊജക്ടായി ഇരുട്ടുകുത്തി പാലം പരിഗണിച്ചത്.









0 comments