സണ്ണി തോമസ് ഇന്ത്യൻ ഷൂട്ടിങ്ങിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട വ്യക്തി; അഭിനവ് ബിന്ദ്ര

തിരുവനന്തപുരം: സണ്ണി തോമസ് ഇന്ത്യൻ ഷൂട്ടിങ്ങിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അതീവ ദു:ഖിതനെന്നും ഒളിമ്പ്യൻ അഭിനവ് ബിന്ദ്ര. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ബിന്ദ്ര ഇക്കാര്യം വ്യക്തമാക്കിയത്.
"ഒരു പരിശീലകനേക്കാൾ ഉപരി, അദ്ദേഹം ഒരു ഉപദേഷ്ടാവും വഴികാട്ടിയും തലമുറകളായി ഇന്ത്യൻ ഷൂട്ടർമാർക്ക് പിതാവുമായിരുന്നു. നമ്മുടെ കഴിവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണവുമാണ് അന്താരാഷ്ട്ര ഷൂട്ടിംഗിൽ ഇന്ത്യയുടെ ഉയർച്ചയ്ക്ക് അടിത്തറ പാകിയത്.
എന്റെ തുടക്ക കാലത്ത് അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയ്ക്കും മാർഗനിർദേശത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും. നിങ്ങളുടെ സ്വാധീനം ശാശ്വതമാണ്"- എന്നാണ് അഭിനവ് ബിന്ദ്ര എക്സിൽ കുറിച്ചത്.
ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ്. ഒളിംബിക്സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉഴവൂരിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ്. 1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു.
കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. സെന്റ് സ്റ്റീഫൻസ് കോളേജിൽ സസ്യശാസ്ത്ര പ്രൊഫസറായ ജോസമ്മ സണ്ണിയാണ് ഭാര്യ.









0 comments