എംപിമാർക്ക്‌ 
വഴങ്ങിയതിൽ സണ്ണിക്ക്‌ വിമർശം ; പുനഃസംഘടന നിർത്തിവച്ചു

sunny joseph
avatar
സി കെ ദിനേശ്‌

Published on Aug 20, 2025, 02:07 AM | 1 min read


തിരുവനന്തപുരം

കോൺഗ്രസ്‌ പുനഃസംഘടന തൽകാലം ഉപേക്ഷിക്കാനുള്ള തീരുമാനം ഏതാനും എംപിമാരുടെ ഭീഷണിക്ക്‌ വഴങ്ങലാണെന്നും കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്റെ പരാജയമാണിതെന്നും കോൺഗ്രസിൽ വിമർശം. പുനഃസംഘടന നടത്തിയാൽ തഴയപ്പെടുന്നവർ ശക്തമായി രംഗത്തുവരുമെന്ന്‌ കണ്ടതോടെയാണ്‌ സണ്ണി ജോസഫിന്റെ പിന്മാറ്റം. തദ്ദേശ തെരഞ്ഞെടുപ്പ്‌ മുന്നിലുള്ളപ്പോൾ കോൺഗ്രസിലെ കലാപം നാണക്കേടാകുമെന്നുമാണ്‌ നേതൃത്വം വിലയിരുത്തുന്നത്‌.


ഡൽഹിയിലും കേരളത്തിലുമായി നടന്ന മാരത്തൺ ചർച്ചയ്ക്കുശേഷം ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ ധാരണയിലെത്താനുള്ള ശ്രമം പാളുകയായിരുന്നു. ചില ജില്ലകളിൽ എംപിമാരും തിരുവനന്തപുരത്ത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കർശന നിലപാട്‌ സ്വീകരിച്ചു. കൊല്ലത്തും പത്തനംതിട്ടയിലും മാറ്റംവേണ്ടെന്ന്‌ കൊടിക്കുന്നിൽ സുരേഷും ആന്റോ ആന്റണിയും ഉറച്ചുനിന്നു. പാലക്കാട്‌ മാറണമെന്ന്‌ ശ്രീകണ്ഠൻ. കണ്ണൂരും മലപ്പുറവും മാറേണ്ടെന്ന്‌ കെ സുധാകരനും. തിരുവനന്തപുരത്ത്‌ താൽക്കാലികമായി വന്ന എൻ ശക്തൻ തുടരാൻ താൽപര്യമില്ലെന്ന്‌ അറിയിച്ചു. വയനാട്‌, ഇടുക്കി ഡിസിസി പ്രസിഡന്റുമാർ മാറാൻ സന്നദ്ധത അറിയിച്ചവരാണ്‌. ഇവരെപോലും മാറ്റാത്തത്‌ എന്തുകൊണ്ടാണെന്നും നേതാക്കൾ ചോദിക്കുന്നു.


കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഡിസിസികളെങ്കിലും പ്രഖ്യാപിക്കുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. 27 ജനറൽ സെക്രട്ടറിമാർ, അവർക്ക്‌ രണ്ടുവീതം സെക്രട്ടറിമാർ, വൈസ്‌പ്രസിഡന്റ്‌, ട്രഷറർ സ്ഥാനങ്ങളിലേക്കെല്ലാം വൻപട്ടികയാണ്‌ ഭാരവാഹികൾക്ക്‌ ലഭിച്ചത്‌. നിലവിലുള്ള ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ കെപിസിസിയിലേക്ക്‌ പേരുകൾ നൽകിയിട്ടുണ്ട്‌. പരമാവധി 100 പേർ എന്ന പരിധിയാണ്‌ ഹൈക്കമാൻഡ്‌ വച്ചതെന്നും നേതാക്കൾ പറയുന്നു. പട്ടിക നൂറാക്കിയാൽ നിരവധി നേതാക്കൾ പുറത്താകും. അതേസമയം, ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും സമവായമുണ്ടായാൽ പ്രഖ്യാപിക്കുമെന്നും ഒരു വിഭാഗം പ്രചരിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home