കോൺഗ്രസിൽ ഉപജാപകസംഘം: സണ്ണി ജോസഫും ഇരയെന്ന് ആന്റോ ആന്റണി

കോട്ടയം : കോൺഗ്രസിൽ തനിക്കെതിരെ പ്രവർത്തിച്ച ഉപജാപകസംഘം നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ലക്ഷ്യമിടുകയാണെന്ന് ആന്റോ ആന്റണി എംപി. ഫെയ്‌സ്‌ബുക്കിലെ കുറിപ്പിൽ കോൺഗ്രസിലെ ഉന്നത നേതാക്കളെ പേരുപറയാതെ ശക്തമായി വിമർശിക്കുകയും ചെയ്‌തിട്ടുണ്ട്.
കുറിപ്പിന്റെ ചുരുക്കം: "എന്നെ ആക്രമിച്ചതിലൂടെ അവരുടെ (ഉപജാപകസംഘം) ലക്ഷ്യം സാധൂകരിച്ചു എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവർ അടങ്ങിയിട്ടില്ല. സണ്ണി ജോസഫിനെയും അവർ ലക്ഷ്യമിട്ടിട്ടുണ്ട്. സണ്ണി ജോസഫിന്റെ കെപിസിസി പ്രസിഡന്റായുള്ള കടന്നുവരവ് ഉപജാപകവൃന്ദം ഉൾക്കൊണ്ടിട്ടില്ല. അങ്ങനെ സണ്ണി ജോസഫിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ വിട്ടുകൊടുക്കില്ല. ദുർബലമായ കോൺഗ്രസിൽ സ്ഥാനങ്ങൾക്ക് പ്രസക്തിയില്ല. ശക്തമായ കോൺഗ്രസിൽ പ്രവർത്തകനായി നിൽക്കുന്നതാണ് അഭിമാനം’.
കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിലുണ്ടായ ചേരിതിരിവിന്റെ ആഴം വ്യക്തമാക്കുന്നതാണ് ആന്റോയുടെ വാക്കുകൾ. പ്രഖ്യാപനത്തിൽ ആന്റോ ആന്റണി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
സുധാകരനെ അനുകൂലിച്ച് വീണ്ടും പോസ്റ്റർ
തിരുവനന്തപുരം : കണ്ണൂരിൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ രാജിവച്ചതിനുപിന്നാലെ ഞായറാഴ്‌ച സുധാകരനെ അനുകൂലിച്ച് പാലക്കാട്ട് പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടു. ‘പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും സുധാകരൻതന്നെ രാജാവ്’ എന്നെഴുതിയ പോസ്‌റ്റർ സേവ് കോൺഗ്രസിന്റെ പേരിലാണ് കോട്ട മൈതാനത്ത് പതിച്ചത്. ഒരാൾക്ക് ഒരുപദവി എന്ന തീരുമാനം പൂർണമായും അട്ടിമറിച്ചായിരുന്നു പുതിയ അഞ്ചു ഭാരവാഹികളുടെയും നിയമനം. കെപിസിസി പ്രസിഡന്റ് അടക്കം പുതിയ ഭാരവാഹികൾ തിങ്കളാഴ്‌ച ചുമതലയേൽക്കും. രാവിലെ 9.30ന് ഇന്ദിരാ ഭവനിലാണ് ചടങ്ങ്.
‘ജയന്തും ലിജുവും
യൂദാസുമാർ’
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെട്ടാൻ കെ ജയന്തും എം ലിജുവും ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കെ സുധാകരൻ അനുകൂലികൾ. കെപിസിസി പ്രസിഡന്റിന്റെ അറ്റാച്ച്‌ഡ് സെക്രട്ടറിയായിരുന്ന കെ ജയന്തും ജനറൽ സെക്രട്ടറി എം ലിജുവും ഒപ്പംനിന്ന് കാലുവാരി എന്ന വികാരമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം അവർ പങ്കുവയ്‌ക്കുന്നത്. ഇരുവരും ഒറ്റുകാരാണെന്നും യൂദാസുമാരായി പെരുമാറിയെന്നും പോസ്‌റ്റുകളിൽ പറയുന്നു.









0 comments