കാട്ടാക്കടയിലെ പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂളിലെ ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിലെ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ ക്ലർക്കിന് സസ്പെൻഷൻ. പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലർക്ക് സനൽ ജെയെ ആണ് സസ്പെൻഡ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥി ബെൻസൺ എബ്രഹാ(16)മിനെ ഇന്നലെയാണ് സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബെൻസണും സനലുമായി തർക്കമുണ്ടായതായി കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബംന്ധപ്പെട്ട് കൊല്ലം മേഖലാ അസിസ്റ്റൻറ് ഡയറക്ടറും ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി.
കഴിഞ്ഞ വ്യാഴം ബെൻസണും ക്ലർക്കായ സനലും തമ്മിൽ സ്കൂൾ സീൽ എടുത്തതു സംബന്ധമായി അനാവശ്യ സംസാരം നടന്നതായും തുടർന്ന് കുട്ടിയുടെ അമ്മയോട് സൗകര്യമുളള ദിവസം സ്കൂളിലെത്താൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടതായുമാണ് റിപ്പോർട്ട്. അന്വേഷണ ദിവസം സനൽ അവധിയിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ സനലിനെ അന്വേഷണവിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.
കുറ്റിച്ചൽ എരുമക്കുഴി സായൂജ്യ ഹൗസിൽ ബെന്നി ജോർജ്–- സംഗീത ദമ്പതികളുടെ മകാണ് ബെൻസൺ ഏബ്രഹാം. വ്യാഴാഴ്ച രാത്രിമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെ വെള്ളിയാഴ്ച പുലർച്ചെ ആറിന് ബെൻസന്റെ അമ്മാവൻ സതീഷാണ് സ്‌കൂൾ കെട്ടിടത്തിന്റെ പടിക്കെട്ടിന്റെ ജനൽഭാഗത്ത് വിദ്യാർഥിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ബെൻസന്റെ പ്രോജ്ക്ട് ബുക്കിൽ സീൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളിലെ ക്ലർക്ക് സനൽകുമാറുമായി ഉണ്ടായ തർക്കവും പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഭയവുമാണ് ബെൻസന്റെ മരണത്തിന് കാരണമെന്നായിരുന്നു വീട്ടുകാരുടെ ആരോപണം.
വെള്ളിയാഴ്ചയായിരുന്നു പ്രാക്ടിക്കൽ പരീക്ഷ. വ്യാഴാഴ്ച രാവിലെ പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള സീൽ പതിച്ചു വാങ്ങാൻ ബെൻസൺ സ്കൂളിലെ ക്ലർക്കിന് അടുത്തു പോയി. ഇവിടെ വച്ച് സനൽകുമാർ അസഭ്യം പറഞ്ഞതായാണ് വിവരം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചില അധ്യാപകരും ക്ലർക്കിന്റെ ഭാഗം ചേർന്ന് കുട്ടിയെ ശാസിച്ചതായും ബന്ധുക്കൾ പറയുന്നു. ബെൻസൺ വീട്ടിലെത്തി വിവരം പറഞ്ഞെങ്കിലും രക്ഷിതാക്കൾ സമാധാനിപ്പിച്ചു. ഇതിനുശേഷം കൂട്ടുകാരനെ കാണാൻ പോകുന്നെന്ന് പറഞ്ഞിറങ്ങിയ ബെൻസൺ വൈകിയും എത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയനിലയിൽ കണ്ടത്.









0 comments