നാല് ട്രേഡ്‌ യൂണിയനുകൾക്കും ഒരേ നിലപാട്‌ , എസ്‌യുസിഐ നേതാക്കൾക്കിടയിലും 
അഭിപ്രായവ്യത്യാസം പ്രകടം

പിടിവാശി വിടാതെ സമരവുമായി ചിലർ ; ആശമാരെ പെരുവഴിയിലാക്കി എസ്‌യുസിഐ

suci asha workers strike
avatar
ഒ വി സുരേഷ്‌

Published on Apr 04, 2025, 12:31 AM | 1 min read


തിരുവനന്തപുരം : സർക്കാർ അവഗണിക്കുന്നു എന്നായിരുന്നു സെക്രട്ടറിയറ്റിനുമുന്നിൽ സമരം നടത്തുന്ന എസ്‌യുസിഐയുടെയും ഏതാനും മാധ്യമങ്ങളുടെയും ഇത്രയും ദിവസത്തെ വിലാപം. എന്നാൽ, വ്യാഴാഴ്‌ച നടന്ന മൂന്നാമത്തെ ചർച്ചയിലും സർക്കാർ പലതും ഉറപ്പുനൽകിയിട്ടും പിടിവാശി തുടർന്ന്‌ എസ്‌യുസിഐ. സർക്കാർ നിലപാടിനെ മറ്റെല്ലാ ട്രേഡ്‌ യൂണിയനും ഒരുപോലെ അംഗീകരിച്ചപ്പോൾ, ചർച്ച പരാജയമെന്നും ഒരുരൂപപോലും വർധിപ്പിക്കാൻ സർക്കാർ സമ്മതിച്ചില്ലെന്നുമായിരുന്നു മാധ്യമങ്ങൾക്കു മുന്നിൽ എസ്‌യുസിഐ പറഞ്ഞത്‌.


കേന്ദ്ര പദ്ധതിയാണെങ്കിലും ആശമാർക്കുവേണ്ടി കഴിയാവുന്നതൊക്കെ സർക്കാർ ചെയ്‌തിട്ടുണ്ട്‌. കേരളത്തിലാണ്‌ ഏറ്റവും കൂടുതൽ ഓണറേറിയമെന്നും ഇൻസെന്റീവുൾപ്പെടെ ഇനിയും വർധിപ്പിക്കണമെന്നുമാണ്‌ നിലപാടെന്നും മന്ത്രി വീണാ ജോർജ്‌ ആവർത്തിച്ചു. കേന്ദ്രമന്ത്രിയെ സന്ദർശിച്ചും ഈ ആവശ്യമുന്നയിച്ചു. ഇതെല്ലാം ട്രേഡ്‌ യൂണിയനുകളുമായുള്ള ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനോട്‌ യോജിച്ച യൂണിയനുകൾ ഉന്നതതല സമിതിയെ വയ്‌ക്കണമെന്ന്‌ കൂട്ടായി ആലോചിച്ച്‌ മന്ത്രിയെ അറിയിക്കുകയായിരുന്നു. അത്‌ സർക്കാർ അംഗീകരിക്കുകയും സമരം അവസാനിക്കുമെന്ന സ്ഥിതിയെത്തുകയും ചെയ്‌തപ്പോഴാണ്‌ എസ്‌യുസിഐ നേതാവ്‌ കളംമാറിയത്‌. ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ഇപ്പോൾ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. സർക്കാരിന്‌ നടപടികൾ പൂർത്തിയാക്കാതെ അത്‌ സാധിക്കില്ലെന്ന്‌ വ്യക്തമായിട്ടും മുരട്ടുവാദമുന്നയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ എസ്‌യുസിഐ നേതാക്കൾക്കിടയിലും യഥാർഥ ആശമാർക്കിടയിലും വിയോജിപ്പുണ്ട്‌.


സർക്കാർ ആശമാരോട്‌ അനുകൂല നിലപാടെടുക്കുകയും ട്രേഡ്‌ യൂണിയനുകളുടെ നിർദേശം അംഗീകരിക്കുകയും ചെയ്‌തതോടെ സമരം അവസാനിക്കേണ്ടതാണ്‌. തീരുമാനം അറിയിക്കാമെന്ന്‌ പറഞ്ഞുപോയവർ സെക്രട്ടറിയറ്റിനുമുന്നിലെത്തി പ്രകോപനപരമായ നിലപാട്‌ എടുക്കുകയായിരുന്നു.


മന്ത്രിമാരെക്കൂടാതെ അഡീഷണൽ ചീഫ്‌ സെക്രട്ടറി രാജൻ ഖോബ്രഗഡെ, എൻഎച്ച്‌എം ഡയറക്ടർ വിനയ്‌ ഗോയൽ, സ്‌റ്റേറ്റ്‌ പ്രോഗ്രാം മാനേജർ ഡോ. ബിജോയ്‌ എന്നിവരും ട്രേഡ്‌ യൂണിയൻ നേതാക്കളായ കെ എസ്‌ സുനിൽകുമാർ, കെ എൻ ഗോപിനാഥ്‌, പി പി പ്രേമ, എം ബി പ്രഭാവതി (സിഐടിയു), ആർ ചന്ദ്രശേഖരൻ, കൃഷ്‌ണവേണി വി ശർമ (ഐഎൻടിയുസി), സജിലാൽ (എഐടിയുസി), അഡ്വ. എം റഹ്‌മത്തുള്ള, കെ എസ്‌ സലിൽ റഹ്‌മാൻ, ബിന്ദു തിരൂരങ്ങാടി (എസ്‌ടിയു), കെ എസ്‌ സദാനന്ദൻ, എം എ ബിന്ദു, എസ്‌ മിനി (എസ്‌യുസിഐ) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home