‘അതിഥി’കളല്ല, ഇവർ മലയാളത്തിന്റെ മക്കൾ; കേരളത്തിലേക്ക്‌ പഠിക്കാനെത്തിയത്‌ 24,525 വിദ്യാർഥികൾ

students school
avatar
വെബ് ഡെസ്ക്

Published on May 13, 2025, 03:59 PM | 2 min read

തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. ഒന്നു മുതൽ പത്ത്‌ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണമാണ്‌ വർധിച്ചത്. 2023–24 അധ്യായന വർഷത്തിൽ നിന്ന്‌ 2024–25 വർഷത്തിലേക്കെത്തുമ്പോൾ ഇതര സംസ്ഥാന വിദ്യാർഥികളുടെ എണ്ണത്തിൽ 13 ശതമാനം വർധനവുണ്ടായതായി ദ ഹിന്ദു റിപ്പോർട്ട്‌ ചെയ്യുന്നു.


ഡയറക്‌ടർ ഓഫ്‌ ജനറൽ എഡുക്കേഷനിൽ നിന്ന്‌ ലഭിക്കുന്ന വിവരമനുസരിച്ച്‌ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 2023-24 വർഷത്തിൽ 21,299 ഇതര സംസ്ഥാന വിദ്യാർഥികൾ പഠിച്ചിരുന്നു. ഇത് 2024-25 വർഷത്തിലേക്കെത്തുമ്പോൾ 24,525 ആയാണ്‌ വർധിച്ചിരിക്കുന്നത്‌. അതായത്‌ 15.14 ശതമാനത്തിന്റെ വർധന.


സർക്കാർ സ്കൂളുകളിൽ 8,490 വിദ്യാർഥിളും എയ്ഡഡ് സ്കൂളുകളിൽ 12,421 വിദ്യാർഥികളുമാണ് കഴിഞ്ഞ അധ്യയനവർഷമുണ്ടായിരുന്നത്. ഇത്തവണ അത് സർക്കാർ സ്കൂളുകളിൽ 10,018 വിദ്യാർഥിളും എയ്ഡഡ് സ്കൂളുകളിൽ 13,619 വിദ്യാർഥികളുമായി വർധിച്ചു. ഈ കണക്കുകൾ നോക്കുമ്പോൾ 18 ശതമാനം വർധനയാണ് സർക്കാർ വിദ്യാലയങ്ങളിൽ മാത്രമുണ്ടായിട്ടുള്ളത്‌. എയ്ഡഡ്‌ സ്‌കൂളുകളിൽ 9.65 ശതമാനത്തിന്റെ വർധനയും.


2023-24

2024-25

ഗവ. സ്കൂൾ

8,490

10,018

എയ്ഡഡ്

12,421

13,619

അൺ എയ്ഡഡ്

388

888


അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഇതര സംസ്ഥാന വിദ്യാർഥികളുടെ എണ്ണത്തിൽ 100 ശതമാനത്തിലധികം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്‌. 388 വിദ്യാർഥികളിൽ നിന്ന്‌ 888 വിദ്യാർഥികളായാണ്‌ വർധിച്ചത്‌. അതായത് 128.86 ശതമാനത്തിന്റെ വർധന.


തമിഴ്‌നാടിൽ നിന്നാണ്‌ ഏറ്റവും കൂടുതൽ കുട്ടികൾ കേരളത്തിൽ പഠിക്കുന്നത്‌. ബാക്കിയുള്ളവരിൽ കൂടുതൽ പേരും പശ്ചിമ ബംഗാൾ, അസം, ബിഹാർ, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്‌. ഈ സംസ്ഥാനങ്ങളിൽ നിന്ന്‌ കഴിഞ്ഞ അധ്യയന വർഷം 11,394 കുട്ടികൾ കേരളത്തിൽ പഠിച്ചപ്പോൾ, 2024–25 വർഷം പഠിച്ചത്‌ 13,751 പേരാണ്‌.
അസം ആണ്‌ മുകളിലുള്ള സംസ്ഥാനങ്ങളിൽ മുന്നിൽ, 3,882 വിദ്യാർഥികൾ. പശ്ചിമ ബംഗാളിൽ നിന്ന്‌ 3,758ഉം ബിഹാറിൽ നിന്ന്‌ 3380ഉം ഉത്തർപ്രദേശിൽ നിന്ന്‌ 2,731 വിദ്യാർഥികളും കേരളത്തിൽ പഠിക്കുന്നു.


ശതമാനടിസ്ഥാനത്തിൽ ബിഹാറിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിലാണ്‌ കൂടുതൽ വർധനവുണ്ടായിരിക്കുന്നത്‌, 28.4%. അസം, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം യഥാക്രം 22.8, 24 ശതമാനമായും വർധിച്ചു. കർണാടക, ജാർഖണ്ഡ്, ഒഡീഷ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കാശ്മീർ, മണിപ്പൂർ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും കേരളത്തിലെ സ്‌കൂളുകളിൽ പഠിക്കുന്നു.


മറ്റ്‌ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും കേരളത്തിൽ പഠിക്കുന്നുണ്ട്‌. 2024–25 അധ്യയന വർഷത്തിൽ 336 വിദ്യാർഥികളാണ്‌ സംസ്ഥാനത്തെ സ്‌കൂളുകളിലെത്തിയത്‌. ഇതിൽ 332 പേരും നേപ്പാളിൽ നിന്നുള്ളവരാണ്‌. ശ്രീലങ്ക, ഫിലിപ്പൈൻസ്‌, മാലിദ്വീപ്‌ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും കേരളത്തിൽ പഠിക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ നേപ്പാളിന്‌ പുറമേ റഷ്യ, യുഎഇ, കുവൈത്ത്‌ രാജ്യങ്ങളിൽ നിന്നുള്ളവരും കേരളത്തിൽ പഠിച്ചിരുന്നു. 340 പേരാണ്‌ 2023–24 വർഷം കേരളത്തിൽ പഠിച്ച വിദേശ വിദ്യാർഥികൾ.

Related News


deshabhimani section

Related News

View More
0 comments
Sort by

Home