താൽക്കാലിക ഐക്യം തകർന്നു: വഴിക്കടവിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്‌ മുറുകി

youth congress
വെബ് ഡെസ്ക്

Published on Jul 07, 2025, 12:48 AM | 1 min read

എടക്കര: ഉപതെരഞ്ഞെടുപ്പിന് പിന്നാലെ വഴിക്കടവിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്‌ മുറുകി. ആര്യാടൻ ഷൗക്കത്ത്, വി എസ് ജോയി വിഭാഗം ചേരിതിരിഞ്ഞാണ്‌ മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന കെ സി ജോബിനെ അനുസ്മരിച്ചത്‌. വഴിക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ പേരിൽ വിമതപക്ഷമാണ്‌ ആദ്യം അനുസ്മരണം സംഘടിപ്പിച്ചത്‌. കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ ആര്യാടൻ ഷൗക്കത്താണ്‌ പരിപാടി ഉദ്‌ഘാടനംചെയ്‌തത്‌. എന്നാൽ, വി എസ് ജോയിയെയോ ജോയിപക്ഷക്കാരനായ മണ്ഡലം പ്രസിഡന്റിനെയോ യോഗത്തിൽ ക്ഷണിച്ചിരുന്നില്ല.

സിപിഐ എം, മുസ്ലിംലീഗ് തുടങ്ങി എല്ലാ രാഷ്ട്രീയ പാർടി പ്രതിനിധികളും ചടങ്ങിൽ ക്ഷണപ്രകാരം പങ്കെടുത്തിരുന്നു. ഇതോടെ അടുത്ത ദിവസം മണ്ഡലം കമ്മിറ്റി സമാന്തര അനുസ്മരണം സംഘടിപ്പിച്ച്‌ തിരിച്ചടിച്ചു. വി എസ് ജോയിയായിരുന്നു ഉദ്ഘാടകൻ. എടക്കര ബ്ലോക്ക് പ്രസിഡന്റ്‌ ബാബു തോപ്പിൽ നേരിട്ടിടപ്പെട്ട് വിമത വിഭാഗം സംഘടിപ്പിച്ച അനുസ്മരണത്തിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, പാർടി തീരുമാനം തള്ളിയാണ്‌ ആര്യാടൻ ഷൗക്കത്ത് എംഎൽഎ വിമത പരിപാടി ഉദ്ഘാടനംചെയ്തത്. മലപ്പുറത്ത് തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടിയിൽ നേരിട്ടെത്തി ആര്യാടൻ ഷൗക്കത്ത് എംഎൽഎക്കെതിരെ പരാതി നൽകാൻ ഔദ്യോഗികപക്ഷം നേതാക്കൾ തീരുമാനിച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പിൽ നേതൃത്വം ഇടപെട്ട് ശമിപ്പിച്ച താൽക്കാലിക ഐക്യം തകർന്നു. ചേരിപ്പോരിനെ തുടർന്ന് ഇരട്ടപ്പൂട്ടിട്ട് പൂട്ടിയ മണ്ഡലം കമ്മിറ്റി ഓഫീസ് മൂന്നുമാസത്തെ ചർച്ചക്കുശേഷമാണ് വഴിക്കടവിൽ തുറന്നുനൽകിയിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home