പാചകവാതക വിലവവിലവർധനയിൽ പ്രതിഷേധിക്കും : എഐഡിഡബ്യുഎ

തിരുവനന്തപുരം: പാചകവാതക വിലവർധനവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. ഇന്നും നാളെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
രാജ്യത്തെ സാധാരണ ജനങ്ങളുടെ വയറ്റത്തടിക്കുന്ന സമീപനമാണ് പാചകവാതക വില വർധിപ്പിച്ചതിലൂടെ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മറ്റി അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും ഇവിടെ എണ്ണ വില കുറയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ടും എണ്ണ കമ്പനികൾ നഷ്ടത്തിലാണ് എന്ന് ന്യായീകരണമാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഉജ്ജ്വല പദ്ധതി പ്രകാരം പാചകവാതകം ലഭ്യമാകുന്ന ഗുണഭോക്താക്കൾക്കും വില വർധിക്കുന്നുണ്ട്.
ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായികൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ദ്രോഹിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ തയ്യാറാവുകയാണ്. ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി പോലും കാലങ്ങളായി ലഭിക്കാത്ത സ്ഥിതി നിലവിലുണ്ട്. കോർപ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കാൻ കൂട്ടുനിൽക്കുകയാണ് കേന്ദ്രസർക്കാരെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.









0 comments