ഹോക്കി അസോസിയേഷന് 23.84 ലക്ഷം നൽകി: സഹായമില്ലെന്ന ആരോപണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: ഹോക്കി അസോസിയേഷന് മൂന്നുവർഷമായി സ്‌പോർട്‌സ് കൗൺസിലിന്റെ സഹായം ലഭിക്കുന്നില്ലെന്ന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി. 23,83,856 രൂപ കൗൺസിൽ നൽകിയിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ ഹോക്കിയുടെ നിലവാരം താഴ്‌ന്നുകൊണ്ടിരിക്കുകയാണ്– ഷറഫലി പറഞ്ഞു.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ അടിസ്ഥാനരഹിതമായി സംസാരിക്കരുത്. കായികമന്ത്രിക്കും സർക്കാരിനും സ്‌പോർട്‌സ് കൗൺസിലിനുമെതിരെ നിരന്തരം വിമർശമുന്നയിക്കുന്ന രീതിയാണ് സുനിലിന്. ദേശീയ ഗെയിംസ് സമാപിച്ച ദിവസം സംസ്ഥാന സർക്കാർ ഒന്നും ചെയ്യാത്തതിനാൽ മെഡൽ കുറഞ്ഞു എന്നായിരുന്നു ആരോപണം. എന്നാൽ, കേരളത്തിന് ഏറെ മെഡൽ സാധ്യതയുള്ള കളരിപ്പയറ്റ് മത്സരയിനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിൽ അദ്ദേഹം ഇടപെട്ടില്ല. ഹോക്കി അസോസിയേഷന് നൽകിയ പണം ഉപയോഗിച്ചാണ് സർക്കാരിനെതിരെ സമരം നടത്തിയത്. ദേശീയ ഗെയിംസിനുവേണ്ടി ഇത്തവണ 4.5 കോടി രൂപയാണ് ചെലവിട്ടത്. കായികതാരങ്ങളെ വിമാനത്തിലാണ് അയച്ചത്. ഗെയിംസിൽ പങ്കെടുത്ത ടീമുകളിൽനിന്ന് വിശദമായ റിപ്പോർട്ട് വാങ്ങും. 27ന് കൗൺസിൽ സ്‌റ്റാൻഡിങ് കമ്മിറ്റി അവ പരിശോധിക്കും–- ഷറഫലി പറഞ്ഞു.
സർക്കാരിനും മന്ത്രിക്കും സ്‌പോർട്‌സ് കൗൺസിലിനുമെതിരായ വി സുനിൽകുമാറിന്റെ ആരോപണം വ്യക്തിപരമാകുമെന്ന് സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റും കെഒഎ ട്രഷററുമായ എം ആർ രഞ്ജിത്ത് പറഞ്ഞു. കേരളത്തിന്റെ കായിക മേഖലയ്‌ക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്‌ത സർക്കാരാണിതെന്നും- രഞ്ജിത്ത് പറഞ്ഞു. സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ സി ലേഖ, ജെ എസ് ഗോപൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments