നെഹ്റു ട്രോഫി വള്ളംകളിക്കായി 10 കോടി രൂപ അനുവദിച്ചു

ആലപ്പുഴ: സംസ്ഥാന സർക്കാർ നെഹ്റു ട്രോഫി വള്ളംകളിക്കായി 10 കോടി രൂപ അനുവദിച്ചു. നവകേരള സദസിൻ്റെ ഭാഗമായി നെഹ്റു ട്രോഫി പവലിയന് ഏഴ് കോടി രൂപ അനുവദിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പി പി ചിത്തരഞ്ജൻ എം എൽ എ രണ്ട് കോടി രൂപയും ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇത്തവണ അങ്ങനെ ആകെ 10 കോടി രൂപയാണ് വള്ളംകളിയ്ക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സർക്കാർ വള്ളംകളിയ്ക്കായി ഇത്രയും തുക അനുവദിക്കുന്നത്. കേരളത്തിൻ്റെ പ്രധാനപ്പെട്ട ടൂറിസം ഉൽപ്പന്നമായി നെഹ്റു ട്രോഫി വള്ളം കളിയെ മാറ്റും എന്നും 71-മത് നെഹ്റു ട്രോഫി വള്ളം കളി നെഹ്റു പവലിയനിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി ഉറപ്പ് നൽകി.
എട്ട് വള്ളങ്ങളിൽ തുടങ്ങിയ ഈ വള്ളംകളിയിൽ ഇന്ന് പങ്കെടുക്കുന്നത് 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ്. ഇത് ഏറെ ആവേശകരമായ അനുഭവമാണ്. ഈ വള്ളംകളിയെ വലിയ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ കണ്ടിട്ടുള്ളത്. ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും സംയുക്തമായി 30 ടൺ മാലിന്യം വേമ്പനാട് കായലിൽ നിന്നും നീക്കം ചെയ്തത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കേരളം ലോകത്തിന് കാഴ്ച വയ്ക്കുന്ന മഹത്തായൊരു ദൃശ്യ അനുഭവമാണ് പുന്നമടക്കായലിലെ ഈ ജലോത്സവമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഒരു ജനതയുടെ അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകം കൂടിയാണ് ഈ ജലോത്സവമെന്നും അദ്ദേഹം പറഞ്ഞു.
വള്ളങ്ങളുടെ മാസ്സ്ഡ്രിൽ സിംബാബ്‌വെ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി ഫ്ലാഗ് ഓഫ് ചെയ്തു. വള്ളംകളി മേഖലയ്ക്ക് വിശിഷ്ട സംഭാവനകൾ നൽകിയ മുൻ എംഎൽഎ സി കെ സദാശിവൻ, കെ എം അഷ്‌റഫ്, ഉമാ മഹേശ്വരൻ ആചാരി എന്നിവരെ മന്ത്രിമാരായ മുഹമ്മദ് റിയാസും, പി പ്രസാദും, ജില്ലാ ഭരണകൂടവും ചേർന്ന് ആദരിച്ചു. മാസ്റ്റർ ഓഫ് സെറിമണിക്ക് നെഹ്‌റു ട്രോഫി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ആർ കെ കുറുപ്പ് നേതൃത്വം നൽകി.
ചടങ്ങിൽ ഓസ്ട്രേലിയ വൈസ് കോൺസുൽ കാൽവിൻ ബോവെൻ, ഭൂട്ടാൻ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ജി. അജിത്ത് കുമാർ എന്നിവർ വിശിഷ്ട സാന്നിധ്യമായി. കൊടിക്കുന്നിൽ സുരേഷ് എം പി, എംഎൽഎ മാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്, യു പ്രതിഭ ജില്ലാ കലക്ടർ അലക്സ് വർഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, സബ് കലക്ടർ സമീർ കിഷൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments