'കേര'യുമായി സ്റ്റാർട്ടപ് മിഷൻ സഹകരിക്കും: സ്റ്റാർട്ടപ്പുകളുടെ സേവനം 
കർഷകർക്കും

kera
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2025, 01:23 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക്‌ സ്റ്റാർട്ടപ്പുകളുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ബൃഹദ്‌ പദ്ധതിക്ക്‌ ധാരണ. കാർഷിക, ഭക്ഷ്യ മേഖലകൾ നേരിടുന്ന കാലാവസ്ഥ, ഭൂമിശാസ്‌ത്ര വെല്ലുവിളികൾ നേരിടാനുള്ള നൂതനാശയങ്ങളും പരിഹാരങ്ങളും ആവിഷ്‌കരിക്കുകയാണ്‌ ലക്ഷ്യം. ഇതിനായി കൃഷിവകുപ്പിനുകീഴിലെ ‘കേര’ പദ്ധതിയുമായി കേരള സ്റ്റാർട്ടപ്പ്‌ മിഷൻ ധാരണപത്രം ഒപ്പിട്ടു. നാൽപ്പതിനായിരത്തോളം കർഷകർക്ക്‌ പ്രയോജനം ലഭിക്കും. നൂറ്റമ്പതോളം കാർഷികാധിഷ്‌ഠിത സ്റ്റാർട്ടപ്പുകൾ പദ്ധതിയുടെ ഭാഗമാകും. സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ച ലക്ഷ്യമാക്കി കാലാവസ്ഥാ അനുരൂപക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാൻ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ‘കേര' (കേരള ക്ലൈമറ്റ് റസിലിയന്റ്‌ അഗ്രി വാല്യു ചെയിൻ മോഡേണൈസേഷൻ). പദ്ധതിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ വീതം ഗ്രാന്റ്‌ ലഭിക്കും.


പ്രാരംഭഘട്ടത്തിൽ ഉൽപ്പന്ന വികസനത്തിനായി 20 ലക്ഷം രൂപയുടെ ഗ്രാന്റ്‌ ലഭ്യമാക്കും. ആശയ-ഗവേഷണ വികസനം, ഉൽപ്പന്നങ്ങളുടെ നിർമാണം, പരിശോധന, സാങ്കേതിക വാണിജ്യവൽക്കരണം, നിലവിലുള്ള സൗകര്യങ്ങളുടെ വികസനം, ബിസിനസ് മൂലധനം, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് 20 ലക്ഷം രൂപ നൽകുക. ഉൽപ്പന്നങ്ങൾ കർഷകരിലേക്ക് എത്തിക്കഴിഞ്ഞാൽ പ്രദർശനം, വിപണനം എന്നിവയ്ക്കായി ബാക്കി 5 ലക്ഷം രൂപ നൽകും. അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാർട്ടപ് മിഷന്റെ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം. ധാരണപത്രത്തിൽ കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും കേര അഡീഷണൽ പ്രോജക്ട് ഡയറക്ടർ പി വിഷ്ണുരാജും ഒപ്പുവച്ചു. കെഎസ്‌യുഎം പ്രതിനിധികളായ അശോക് കുര്യൻ പഞ്ഞിക്കാരൻ, ബി വിശാൽ, ജി വരുൺ, കേരപദ്ധതി പ്രതിനിധികളായ ആർ സന്തോഷ്, എസ്‌ നിഷ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home