ജമാഅത്തെ ഇസ്ലാമി പിരിച്ചുവിടണമെന്ന് കാന്തപുരം വിഭാഗം

നിലമ്പൂർ: ജമാഅത്തെ ഇസ്ലാമി പ്രവർത്തനം അവസാനിപ്പിച്ച് പൊതുധാരയിൽ ലയിക്കണമെന്ന് സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്). പ്രഖ്യാപിത ആശയങ്ങളിൽനിന്ന് മാറി എന്നാണിപ്പോൾ ജമാഅത്തെ നേതാക്കൾ പറയുന്നത്. ഇപ്പോൾ മതരാഷ്‌ട്രവാദമില്ലെന്നും ആചാര്യനായിരുന്ന മൗലാന മൗദൂദിയുടെ ആശയത്തെ തള്ളുന്നുവെന്നുമാണ് അവർ പറയുന്നത്.
സ്ഥാപക നേതാവിനെയും അടിസ്ഥാന ആശയത്തെയും തള്ളിയാൽ പിന്നെ ജമാഅത്തെക്ക് എന്ത് പ്രസക്തിയാണെന്നാണ് എസ്‌എസ്‌എഫിന്റെ ചോദ്യം. മുഖപത്രം ‘രിസാല’യിലെ മുഖപ്രസംഗത്തിലൂടെ, ജമാഅത്തെയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് അവർ. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നയിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർഥി വിഭാഗമാണ് എസ്‌എസ്‌എഫ്.
ജനാധിപത്യത്തെയും ഭരണകൂടത്തെയും അംഗീകരിക്കുന്ന ഇന്ത്യൻ മുസ്ലിങ്ങൾക്ക് മതഭ്രഷ്‌ട് കൽപിച്ചവരാണ് ജമാഅത്തെ. ഇസ്ലാമേതര ഭരണവ്യവസ്ഥയെ അംഗീകരിക്കുന്നതായാണ് അവർ പറയുന്നതെങ്കിൽ ആശയപരമായും സംഘടനാപരമായുംഅസ്‌തിത്വം അവർക്ക് ഇല്ലാതായെന്നും എസ്‌എസ്‌എഫ് പറയുന്നു.









0 comments