ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: ഭൂമിവാങ്ങാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി

ജയൻ ഇടയ്‌ക്കാട്
Published on Mar 26, 2025, 01:01 AM | 1 min read
കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ആസ്ഥാനമന്ദിരത്തിന് കൊല്ലം മുണ്ടയ്‌ക്കൽ വില്ലേജിൽ സ്വകാര്യവ്യക്തിയുടെ 8.13 ഏക്കർ ഭൂമി വിലയ്‌ക്ക് വാങ്ങാൻ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ അനുമതി. റവന്യു വകുപ്പിന്റെ മാർഗനിർദേശ പ്രകാരം സർവകലാശാല അധികൃതരും കലക്ടറും അടിയന്തര തുടർ നടപടി സ്വീകരിക്കും. ഇതിനായി വകയിരുത്തിയ 26.02 കോടി രൂപ ഈ സാമ്പത്തിക വർഷം തന്നെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമിയോട് ചേർന്ന് പുറമ്പോക്കുഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഭൂവുടമ ഷാഫി മുസ്ലിയാർ മരിച്ച സാഹചര്യത്തിൽ ഉടമസ്ഥാവകാശം ആർക്കൊക്കെയാണെന്നും കലക്ടർ പരിശോധിക്കണം.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സമ്മതപത്രം മുസ്ലിം വ്യക്തിനിയമ പ്രകാരമാണോയെന്നതും ഉറപ്പാക്കണം. 2024 ഡിസംബർ 31ലെ റവന്യു വകുപ്പ് സർക്കുലറിലെ നടപടിക്രമങ്ങൾ പാലിച്ച് ഭൂമി വിലപേശലിലൂടെ വാങ്ങാനാണ് നിർദേശം. യോഗത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ പങ്കെടുത്തു.









0 comments