ഗുരുവിനെ അപമാനിച്ച നടപടി ബിജെപിക്കുള്ളിൽ കലാപം

തിരുവനന്തപുരം:
ശ്രീനാരായണ ഗുരുവിനെ ജാതിതിരിച്ച് അപമാനിച്ചതിനെതിരെ ബിജെപിക്കുള്ളിൽ കലാപം. ശ്രീനാരായണ ഗുരു ജയന്തി സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയ ബിജെപി നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി. ഇതിൽ പ്രതിഷേധിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗവും എസ്‌എൻഡിപി യോഗം അസിസ്‌റ്റന്റ് സെക്രട്ടറിയുമായ കെ എ ബാഹുലേയൻ രാജിവച്ചിരുന്നു. ബിഡിജെഎസിനും ബിജെപി നടപടിയിൽ അമർഷമുണ്ട്.
ശ്രീകൃഷ്‌ണ ജയന്തിയും രാമജയന്തിയും അടക്കം ബിജെപി നേരിട്ട് ആഘോഷിക്കുമ്പോൾ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കാൻ ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയത് ശരിയല്ലെന്നാണ് ആക്ഷേപം.
ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കി ചുരുക്കി വോട്ട് പിടിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് കെ എ ബാഹുലേയൻ തുറന്നടിച്ചു. ബിജെപി നേതൃത്വത്തിൽ ഇൗഴവ, പിന്നാക്ക, ആദിവാസി നേതാക്കൾക്ക് സ്ഥാനമില്ല. ജാതിയും മതവും പറഞ്ഞുള്ള വോട്ടു പിടിത്തത്തിന് കേരളത്തിൽ സ്ഥാനമില്ല. പിന്നാക്ക സമുദായങ്ങളെ ചേർത്തുപിടിക്കുമെന്ന് ബിജെപി നേതാക്കൾ പറയുന്നതല്ലാതെ പ്രവൃത്തിയിൽ അതില്ലെന്നും ബാഹുലേയൻ പറഞ്ഞു.
വരും ദിവസങ്ങളിൽ ബിജെപിയിൽനിന്ന് കൂടുതൽ രാജിയുണ്ടാകുമെന്ന് വിവരമുണ്ട്. ഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ച നടപടിയെ മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെൻകുമാറും തള്ളിപ്പറഞ്ഞിരുന്നു. ബിജെപി നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണെന്നായിരുന്നു എസ്‌എൻജിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.









0 comments