അസ്ഥികൾക്ക്‌ ജീവൻ നൽകാൻ ശ്രീചിത്ര

sreechitra
avatar
സ്വന്തം ലേഖിക

Published on Feb 01, 2025, 12:01 AM | 1 min read

തിരുവനന്തപുരം : അപകടങ്ങളും അർബുദവും അണുബാധകളും ഇല്ലാതാക്കിയ അസ്ഥികൾക്ക്‌ ജീവൻ നൽകാൻ 2 നൂതന അസ്ഥിസംയോജക ഉൽപ്പന്നങ്ങൾക്ക്‌ രൂപം നൽകി തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി.


ബോണിക്സ്‌, കാസ്‌പ്രോ എന്നീ ഉൽപ്പന്നങ്ങളാണ്‌ അസ്ഥികളുടെ ആരോഗ്യം ഉറപ്പാക്കാൻ ശ്രീചിത്ര ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ഗവേഷണ സംഘം വികസിപ്പിച്ചത്‌. ഉത്തർപ്രദേശ്‌ മീററ്റിലെ ഒനീക്സ് മെഡിക്കൽസിനാണ്‌ ഉൽപ്പാദന, വിപണന അവകാശം.

പൊട്ടിയതോ അർബുദബാധ കാരണം നശിച്ചതോ ആയ അസ്ഥിഭാഗത്ത്‌ ശസ്‌ത്രക്രിയയിലൂടെ ബയോസെറാമിക് മുത്തുകൾ നിക്ഷേപിക്കാൻ സഹായിക്കുന്ന ഉൽപ്പന്നമാണ്‌ ബോണിക്സ്‌. ഇതിനൊപ്പം രോഗിക്ക്‌ ആവശ്യമായ ആന്റിബയോട്ടിക്ക്‌ മരുന്നുകളുമുണ്ടാകും. അതിനാൽ കുത്തിവച്ചോ ഗുളികയായോ ഇത്‌ കഴിക്കേണ്ടിവരില്ല.ആന്റിബയോട്ടിക് അടങ്ങിയ ഈ ബയോസെറാമിക്‌ മുത്തുകൾ നീക്കംചെയ്ത അസ്ഥിഭാഗത്ത്‌ ഇഴുകിച്ചേരുകയും അസ്ഥിയുടെ പുനരുജ്ജീവനം ഉറപ്പാക്കുകയും ചെയ്യും.

ജിപ്സം അടിസ്ഥാനമാക്കി നിർമിച്ച ബോൺ സിമന്റാണ്‌ കാസ്‌പ്രോ. വെള്ളം ചേർത്ത്‌ കുഴച്ച്‌ ആവശ്യമുള്ള ആകൃതിയിൽ രൂപപ്പെടുത്താനാകുന്ന കാസ്‌പ്രോയിൽ ആവശ്യത്തിന്‌ ആന്റിബയോട്ടിക്കുകൾ പൊടിയായോ ദ്രവമായോ ചേർക്കാം. 2 ഉൽപ്പന്നങ്ങളും ശസ്‌ത്രക്രിയയിലൂടെയാണ്‌ അസ്ഥികളിൽ നിക്ഷേപിക്കുക. ഇത്‌ കൂടുതൽ എളുപ്പമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന്‌ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗം മേധാവിയും ഗവേഷണ സംഘം തലവനുമായ ഡോ. ഹരികൃഷ്‌ണ വർമ പറഞ്ഞു. ഉൽപ്പന്നങ്ങളുടെ ക്ലിനിക്കൽ പരീക്ഷണം വെല്ലൂർ സിഎംസിയിൽ ഡോ. വൃഷ മാധുരിയുടെ നേതൃത്വത്തിൽ കുട്ടികളിൽ നടത്തി വിജയം കണ്ടിരുന്നു. കുട്ടികളിലെ എല്ലിലെ അണുബാധ കൈകാര്യം ചെയ്യുന്നതിനാണ്‌ ഇവ ഉപയോഗിച്ചത്‌.

2 ഉൽപ്പന്നങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിച്ച്‌ നടത്തി ഫലം ഉറപ്പാക്കി ഡ്രഗ് കൺട്രോളറുടെ വിപണന അംഗീകാരം നേടി. കഴിഞ്ഞ 24നാണ്‌ 2 ഉൽപ്പന്നങ്ങളും ശ്രീചിത്ര പ്രസിഡന്റ്‌ എസ് ക്രിസ് ഗോപാലകൃഷ്ണൻ അനാച്ഛാദനം ചെയ്തത്‌. ന്യൂറോ സർജറി പ്രൊഫസർ ഡോ. എച്ച് വി ഈശ്വർ, ഡോ. മനോജ്‌ കോമത്ത്‌, ഡോ. ഫ്രാൻസിസ്‌ ഫെർണാണ്ടസ്‌ തുടങ്ങി നിരവധിപേർ ഗവേഷണത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home