ഗാന്ധി–ഗുരു സംവാദ ശതാബ്‌ദി; ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയ്‌ക്ക്‌ തുടക്കം

dyfi speech programme
വെബ് ഡെസ്ക്

Published on Mar 12, 2025, 10:02 PM | 1 min read

വർക്കല: ദൈവത്തേക്കാൾ വലുതാണ്‌ ജാതി എന്ന്‌ കരുതുന്നവർ ഇപ്പോഴും ഉള്ളതുകൊണ്ടാണ്‌ കൂടൽമാണിക്യം ക്ഷേത്രത്തിലേതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്ന്‌ സുനിൽ പി ഇളയിടം. ശിവഗിരിയിലെ മഹാത്മാഗാന്ധി–ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 100 പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്‌ഘാടനം വർക്കലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യയിൽ ഇപ്പോഴും തുടരുന്ന അസ്വാതന്ത്ര്യത്തിന്റെ ഉദാഹരണമാണ്‌ ജാതിവ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവസ്ഥയുടെ മർദ്ദനത്തിൽനിന്ന്‌ പുറത്തുകടക്കാനുള്ള അവസരമായി ഒരുകാലത്ത്‌ മതപരിവർത്തനത്തെ കണ്ടിരുന്നു. മനുഷ്യനായി കുറച്ചുകാലം ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്‌ പലരും മതംമാറാൻ തയാറായത്‌. രാഷ്‌ട്രീയ സ്വാതന്ത്ര്യമല്ല ഇന്ത്യക്ക്‌ ആവശ്യമെന്നും സാമൂഹിക സ്വാതന്ത്ര്യമാണെന്നും ഗാന്ധിജി തിരിച്ചറിഞ്ഞത്‌ ശ്രീനാരായണഗുരുവുമായുള്ള സംവാദത്തിലൂടെയാണ്‌. പിന്നീട്‌ ഹിന്ദു-മുസ്ലീം വിഭാഗങ്ങളെ ഒന്നാക്കി നിർത്താനാണ്‌ ഗാന്ധിജി ശ്രമിച്ചത്‌. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ പണ്ടേ ഹിന്ദുരാഷ്‌ട്രമാകുമായിരുന്നു. ഗുരുവും –-ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ കൈവശമുള്ള ഒരു സമരായുധമാണ്‌. ആ സമരായുധം ഏറ്റെടുക്കലാണ്‌ ഡിവൈഎഫ്‌ഐയെപ്പോലുള്ള യുവജന സംഘടനകളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രബുദ്ധ കേരളത്തിൽ സമീപകാലങ്ങളിലുണ്ടാകുന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന്‌ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും സമൂഹത്തിൽ പലരൂപത്തിൽ നിലനിൽക്കുന്നു. ഡിവൈഎഫ്‌ഐയേപ്പോലുള്ള യുവജന സംഘടനകൾ ഇത്തരം സ്ഥിതിവിശേഷങ്ങൾക്കെതിരേ ശക്തമായി പോരാടണമെന്നും സുനിൽ പി ഇളയിടം പറഞ്ഞു.


ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് പരിപാടിക്ക്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന ട്രഷറർ അരുൺ ബാബു, ചിന്താ ജെറോം, എൽ എസ്‌ ലിജു, എ എം അൻസാരി, വി എ വിനീഷ്‌, ഡോ. ഷിജൂഖാൻ, ജില്ലാ പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ്‌ ശ്യാമ, ജില്ലാ പഞ്ചായത്തംഗം ബി പി മുരളി, സിപിഐ എം ഏരിയാ സെക്രട്ടറി എം കെ യൂസഫ്‌, ജില്ലാകമ്മിറ്റിയംഗം എസ്‌ ഷാജഹാൻ, നഗരസഭാ ചെയർമാൻ കെ എം ലാജി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home