ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേക പരിശീലനപദ്ധതി: ആദ്യ ഘട്ടത്തിൽ എയർപോർട്ട് മാനേജ്‌മെൻ്റിൽ പരിശീലനം

ഫയൽ ചിത്രം
തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമം മുന്‍നിര്‍ത്തി നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാൻ 2025-2026 സാമ്പത്തിക വര്‍ഷത്തേക്ക് വിപുലമായ പ്രവര്‍ത്തനരേഖ തയാറാക്കിയതായി മന്ത്രി ആർ ബിന്ദു. പ്രഥമ പരിഗണന നല്‍കി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കുന്നതിനാണ് 2025-2026 സാമ്പത്തികവർഷത്തിൽ ഇടപെടലുകള്‍ ഉണ്ടാവുക.
സാമൂഹ്യനീതി വകുപ്പ് കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രൈഡ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേക പരിശീലനപദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാനതൊഴിൽ രംഗത്ത് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻ എന്ന പരിശീലന പരിപാടിയാണ് നടപ്പാക്കുന്നത്. കാർഗോ ഓപ്പറേഷൻ, എയർ പോർട്ട് മാനേജ്മെന്റ്റ്, കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് ഉൾപ്പെടെ അടങ്ങുന്നതാണ് പരിശീലന പരിപാടി. ആദ്യ ഘട്ടത്തിൽ എയർപോർട്ട് മാനേജ്‌മെൻ്റിലാണ് പരിശീലനം നൽകുന്നത്. നാല് മാസമാണ് കോഴ്സിന്റെ ദൈർഘ്യം.
ആദ്യ ഘട്ടത്തിൽ 10 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനം നൽകും. നോളജ് ഇക്കോണമി മിഷന്റെ ട്രെയിനിങ് പാർട്ണറായ അസാപ് കേരള ജിഎംആർ ഏവിയേഷൻ അക്കാദമിയുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. പദ്ധതിക്കായി 7.98 ലക്ഷം രൂപ സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിനായി വകയിരുത്തിയ ഫണ്ടിൽ നിന്നാണ് തുക ചെലവാക്കുക. കോഴ്സ് ഫീസിനത്തിൽ ചെലവാകുന്ന തുകയാണ് അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസ നൈപുണ്യ പ്രതിസന്ധികൾ നേരിടുന്ന ട്രാൻസ്ജെന്‍ഡര്‍ വ്യക്തികൾക്ക് അതിനെ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ സജ്ജരാക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. കോഴ്സ് ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കും. പ്ലസ്ടു/ ഡിഗ്രി ആണ് അടിസ്ഥാന യോഗ്യത.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ദൈനംദിന അതിജീവനം ആഗോളതലത്തില്‍ വെല്ലുവിളികൾ നിറഞ്ഞതാകുന്ന സാഹചര്യത്തില്‍ കേരളം വ്യത്യസ്തമായ മാതൃകയൊരുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാനും തുല്യനീതി ഉറപ്പാക്കാനും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. സംസ്ഥാനത്ത് എറണാകുളം കേന്ദ്രമായി സജ്ജമാക്കിയിട്ടുള്ള ട്രാന്‍സ്ജെന്‍ഡര്‍ ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റർ ഏപ്രിലിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു.









0 comments