ട്രെയിൻ അനുവദിക്കാൻ റെയിൽവേക്ക് മടി ; ഓണത്തിന് നാട്ടിലെത്താൻ ബുദ്ധിമുട്ടേറും

ടി എസ് അഖിൽ
Published on Aug 12, 2025, 01:28 AM | 1 min read
പാലക്കാട്
ഓണക്കാലത്ത് നാട്ടിലെത്താൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന, കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ച് റെയിൽവേ. പത്തുവർഷമായി ഓണം സീസണിൽ 20 വണ്ടികൾവരെ അനുവദിച്ചിരുന്നു. ഇത്തവണ പാലക്കാട് ഡിവിഷനിൽ ഓണത്തിന് അനുവദിച്ചത് എട്ട് ട്രെയിൻ. അതും ആഴ്‌ചയിൽ ഒന്നും രണ്ടും സർവീസ് മാത്രം. ദീർഘദൂര വണ്ടികൾ അനുവദിക്കണമെന്ന ആവശ്യത്തോടും റെയിൽവേ മുഖംതിരിക്കുന്നു.
ഡൽഹി, മുംബൈ, പുണെ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങളിൽനിന്ന് ഓണത്തിന് നാട്ടിലെത്താൻ ടിക്കറ്റില്ലാതെ വലയുകയാണ് യാത്രക്കാർ. വിമാന ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ആഗസ്‌ത് 20 മുതൽ സെപ്‌തംബർ 15 വരെ മംഗളൂരു– കൊല്ലം ട്രെയിൻ മൂന്ന് സർവീസ് മാത്രമാണുള്ളത്.
ഇക്കാലയളവിൽ അനുവദിച്ച പ്രത്യേക ട്രെയിനുകൾ, ബ്രാക്കറ്റിൽ സർവീസ്: കൊല്ലം–മംഗളൂരു (മൂന്ന് സർവീസ്), മംഗളൂരു– കൊല്ലം, മംഗളൂരു– തിരുവനന്തപുരം നോർത്ത് (എട്ട്), തിരുവനന്തപുരം നോർത്ത്– മംഗളൂരു (എട്ട്), ചെന്നൈ സെൻട്രൽ– കൊല്ലം (മൂന്ന്), കൊല്ലം– ചെന്നൈ സെൻട്രൽ (മൂന്ന്), ബംഗളൂരു– തിരുവനന്തപുരം നോർത്ത് (രണ്ട്), തിരുവനന്തപുരം നോർത്ത്– ബംഗളൂരു (രണ്ട്). ഇതിൽ മംഗളൂരു– കൊല്ലം, മംഗളൂരു– തിരുവനന്തപുരം സർവീസിൽ മാത്രമാണ് സ്ലീപ്പർ ക്ലാസുള്ളത്. മറ്റുള്ളവ എസി ട്രെയിനുകളാണ്. ഓണം അടുക്കുന്തോറും സ്വകാര്യ ബസുകളും നിരക്ക് കുത്തനെ ഉയര്‍ത്തും.
നിലവിൽ പ്രത്യേക ട്രെയിനുകളിലെല്ലാം തേർഡ്, സെക്കൻഡ് എസിയടക്കം ടിക്കറ്റ് തീർന്നു. ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള ട്രെയിനുകളിലും സ്ഥിതി സമാനമാണ്. യാത്രാവണ്ടികൾ അനുവദിക്കുന്നില്ലെങ്കിലും ചരക്കുവണ്ടികൾ യഥേഷ്ടം അനുവദിക്കുന്നുണ്ട്.









0 comments