കേരളത്തിലും വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന
വോട്ടർമാർ സജ്ജരാകണം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

രത്തൻ യു കേൽക്കർ

വൈഷ്‌ണവ് ബാബു
Published on Sep 19, 2025, 02:45 AM | 2 min read
തിരുവനന്തപുരം
വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനാ നടപടികളിലേക്ക് കടക്കുന്പോൾ കേരളത്തിലെ 54 ലക്ഷം വോട്ടർമാർ 12 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കേണ്ടിവരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകുന്നതിനൊപ്പമാണ് 12 തിരിച്ചറിയൽ രേഖകളിലൊന്ന് നൽകേണ്ടത്. മറ്റുള്ളവർ ഫോം പൂരിപ്പിച്ച് നൽകിയാൽ മതി.
2002-ലെ തീവ്ര പുനഃപരിശോധനാപ്രകാരമുള്ള പട്ടികയിൽ 2.24 കോടിയായിരുന്നു വോട്ടര്‍മാര്‍. 2025-ല്‍ 2.78 കോടിയായി. കൂടുതലായി വന്നത് 54 ലക്ഷം പേരാണ്. 2002ലെ പട്ടികയിലുള്ള എത്ര വോട്ടർമാർ 2025ലെ വോട്ടർപ്പട്ടികയിൽ ഉണ്ടെന്ന് ബിഎൽഒമാർ കണ്ടെത്തും. വോട്ടർമാർ 2002നുശേഷം ബൂത്തുകൾ മാറിയിട്ടുണ്ടെങ്കിൽ അവരെയും കണ്ടെത്തണം. പുനർനിർണയത്തോടെ മണ്ഡലം മാറിയവരുണ്ടെങ്കിൽ അവർ ഇപ്പോൾ താമസിക്കുന്ന മണ്ഡലത്തിലാകും വോട്ട്.
വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന രാഷ്ട്രീയ പാർടി പ്രതിനിധികളെയും ബിഎൽഒമാരെയും മുഖ്യപങ്കാളിയാക്കി സുതാര്യമായാണ് നടത്തുക. എന്യൂമറേഷൻ ഫോറം ലഭിക്കുംമുമ്പുതന്നെ വോട്ടർമാർ സജ്ജരാകണം. വോട്ടർപ്പട്ടിക സ്ഥിരരേഖയല്ല. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നതാണ്. ഓരോ വർഷവും പതിനായിരങ്ങൾക്ക് 18 വയസ് പൂർത്തിയാകുന്നുണ്ട്. അതുപോലെതന്നെ മരണവും സംഭവിക്കുന്നു. ബിഎൽഒമാർ വഴി അർഹരായവരെ കൂട്ടിച്ചേർക്കുകയും മരണപ്പെട്ടവരെയും അനർഹരെയും ഒഴിവാക്കുകയും ചെയ്യുന്നുമുണ്ട്. എന്നാലും ഇപ്പോഴത്തേത് രാജ്യത്താകെയുള്ള പ്രക്രിയ എന്ന നിലയിൽ കേരളത്തിലും നടപ്പാക്കണം.
ബിഎൽഒയും ബിഎൽഎയും നിർണായകമാകും
തീവ്ര പുനഃപരിശോധനയിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെയും ബൂത്ത് ലെവൽ ഏജന്റുമാരുടെയും പ്രവർത്തനം നിർണായകമാണ്. കേരളത്തിൽ 25,468 ബൂത്താണുള്ളത്. ബൂത്തിൽ അംഗീകൃത പാർടികളുടെ പ്രതിനിധികളെ ചുമതലപ്പെടുത്താം. ‘ബിഎൽഒ വൺ’ എന്ന നിലയിൽ ജില്ലാതലത്തിൽ ഒരാളെയും പാർടികൾക്ക് നിർദേശിക്കാം. ബിഎൽഒമാർ രേഖകൾ ശേഖരിക്കാനും എന്യൂമറേഷൻ ഫോം നൽകാനും വീടുകൾ കയറുമ്പോൾ ഏജന്റുമാർക്കും കൂടെപ്പോകാം. പരാതി അപ്പോൾതന്നെ ബിഎൽഒയുടെയോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറുടേയോ ശ്രദ്ധയിൽപ്പെടുത്താം. ഇതിലൂടെ ഇരട്ടവോട്ട് കണ്ടെത്തി റദ്ദാക്കാം. എൻആർഐ ലിസ്റ്റിലില്ലാത്ത പ്രവാസികളുടെ രേഖകൾ ഓൺലൈൻവഴി അപ്‌ലോഡ് ചെയ്യുകയോ വീട്ടുകാർക്ക് ബിഎൽഒയെ ഏൽപ്പിക്കുകയോ ചെയ്യാം.
രാജ്യത്താകെ ഒരേ മാതൃക
രാജ്യത്താകെ ഒരേ രീതിയിലാണ് പുനഃപരിശോധന. ബിഹാർ മാതൃകയിലുള്ള പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടിവരും. മൂന്നുമാസത്തിനുള്ളിൽ എസ്‌ഐആർ നടപ്പാക്കും. കേരളത്തിൽ ഇതിന്റെ പ്രാരംഭ പ്രവർത്തനം തുടങ്ങി. 2002ലെ പട്ടികയിലെ എത്രപേർ 2025ലെ പട്ടികയിലുണ്ടെന്ന ബിഎൽഒ റിപ്പോർട്ട് ലഭിച്ചശേഷം പുനഃപരിശോധന ആരംഭിക്കും.
ആദ്യഘട്ടം തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ ബിഎൽഒ വഴി വീടുകളിൽ എന്യൂമറേഷൻ ഫോം വിതരണംചെയ്യും. പൂരിപ്പിക്കാൻ ബിഎൽഒയ്‌ക്ക് പരിശീലനം നൽകും.വോട്ടർമാർ 12 രേഖകളിലൊന്ന് കരുതിവയ്‌ക്കണം. പകർപ്പ് ഫോമിന്റെ കൂടെ നൽകണം. ഇത് ബിഎൽഒമാർ ആപ്പിലേക്ക് അതത് ദിവസം അപ്‌ലോഡ് ചെയ്യും. ഓൺലൈൻ വഴി ഫോം പൂരിപ്പിക്കുന്നവരുടെ വിവരങ്ങൾ ബിഎൽഒമാർ വീടുകൾ സന്ദർശിച്ച് പരിശോധിക്കും. വിവരങ്ങൾ സൂപ്പർവൈസർ പരിശോധിക്കും. പോളിങ് സ്റ്റേഷന്റെ അതിർത്തി നിർണയമാണ് അടുത്ത ഘട്ടം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം 1200 വോട്ടർമാർക്ക് ഒരു പോളിങ് സ്റ്റേഷൻ എന്ന നിലയിൽ ക്രമീകരിക്കണം.
കേരളത്തിൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണം വർധിക്കും. ശേഷം കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. ഒരുമാസത്തിനകം പരിശോധനകളും പരാതികളും സമർപ്പിക്കാം. അംഗീകൃത പാർടികൾക്ക് കരടുപട്ടികയുടെ കോപ്പി നൽകും. വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. തുടർന്നുള്ള പരാതികളിൽ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടും. മൂന്നുമാസത്തിനകം നടപടി പൂർത്തിയാക്കും.
രേഖകൾ അതിവേഗം നൽകാം
രേഖകളില്ലാത്തവരുണ്ടെങ്കിൽ അത് തയ്യാറാക്കാൻ ശ്രമിക്കണം. ആവശ്യമെങ്കിൽ കോളേജുകളിലെ എൻസിസി, എൻഎസ്‌എസ്, തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകൾ എന്നിവ സഹായിക്കും.










0 comments