ഭൂമി തരംമാറ്റത്തിന് സ്പെഷൽ ഡ്രൈവ്

കൊച്ചി : കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തണമെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. അപേക്ഷകൾ കൂടുതൽ കെട്ടിക്കിടക്കുന്ന കേന്ദ്രങ്ങളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ ആർഡിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സഹിതം സ്‌പെഷ്യൽ ഡ്രൈവ് നടത്തണമെന്നും എറണാകുളത്ത് റവന്യു മേഖലായോഗത്തിൽ മന്ത്രി പറഞ്ഞു.
ഓരോ ആഴ്ചയിലും കലക്ടർമാർ തരംമാറ്റം അപേക്ഷകളുടെ സ്ഥിതി അവലോകനം ചെയ്യണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തേതടക്കം പത്തുവർഷംകൊണ്ട് അഞ്ചുലക്ഷം പട്ടയമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനാകണം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്നുവർഷംകൊണ്ട് 1,80,887 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. മാർച്ചിനുമുമ്പ് അതിദരിദ്രർക്കുള്ള ഭൂമി മുഴുവനും വിതരണം ചെയ്യാനുള്ള നടപടികൾക്ക് മുൻഗണന നൽകണം. പട്ടയ അദാലത്തിന്റെ രണ്ടാംപതിപ്പ് വൈകാതെ നടത്തും–- മന്ത്രി പറഞ്ഞു. കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളുടെ റവന്യു വിഷയങ്ങളിലായിരുന്നു അവലോകനം.









0 comments