തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയർത്തുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വം: ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയർത്തുന്നത് ഔദാര്യമല്ല ഉത്തരവാദിത്വം ആണെന്ന് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ്. ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണ്. പീഡിതർക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണ്. രോദനങ്ങൾക്ക് കാതോർക്കുന്നതു കർത്തവ്യമല്ല, മനുഷ്യത്വമാണ്. നമ്മൾ നീട്ടുന്ന സഹായഹസ്തം സൗമനസ്യമല്ല, ചുമതലയാണ് എന്നും ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
ചത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനമാരോപിച്ച് തടവിലാക്കിയ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റടിക്കാൻ തിടുക്കം കൂട്ടുന്നവരെകുറിച്ച് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുകയാണ് ജോൺ ബ്രിട്ടാസ്. കന്യാസ്തീകളെ പുറത്തിറക്കിയെന്ന ക്രെഡിറ്റടിക്കാനുള്ള കേരളത്തിലെ ബിജെപിയുടെ തീവ്ര ശ്രമങ്ങൾ ഇവിടെ ഓർമപ്പെടുത്തുകയാണ് ബ്രിട്ടാസ്
അവർ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടല്ലോ?
എടുക്കട്ടെ - ഒപ്പം, ഭരണഘടന നൽകുന്ന വിശ്വാസാവകാശം നിഷേധിച്ചതിന്റെ, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം തട്ടിത്തകർത്തതിന്റെ,
സ്വച്ഛമായി സഞ്ചരിക്കാൻ അനുവദിക്കാത്തതിന്റെ, ആൾക്കൂട്ടവിചാരണ ചെയ്തതിന്റെ, അസഭ്യവർഷം ചൊരിഞ്ഞതിന്റെ, കള്ളക്കേസ് ചുമത്തിയതിന്റെ, കാരാഗൃഹത്തിൽ അടച്ചതിന്റെ, തിരുവസ്ത്രത്തിൽ ക്രിമിനലുകൾക്കൊപ്പം പീഡനത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ചതിന്റെ, ജാമ്യം എതിർത്തതിന്റെ... ഒക്കെയും ക്രെഡിറ്റും എടുക്കട്ടെ- എന്നാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
അവർ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടല്ലോ?
എടുക്കട്ടെ - ഒപ്പം, ഭരണഘടന നൽകുന്ന വിശ്വാസാവകാശം നിഷേധിച്ചതിന്റെ, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം തട്ടിത്തകർത്തതിന്റെ,
സ്വച്ഛമായി സഞ്ചരിക്കാൻ അനുവദിക്കാത്തതിന്റെ, ആൾക്കൂട്ടവിചാരണ ചെയ്തതിന്റെ, അസഭ്യവർഷം ചൊരിഞ്ഞതിന്റെ, കള്ളക്കേസ് ചുമത്തിയതിന്റെ, കാരാഗൃഹത്തിൽ അടച്ചതിന്റെ, തിരുവസ്ത്രത്തിൽ ക്രിമിനലുകൾക്കൊപ്പം പീഡനത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ചതിന്റെ,
ജാമ്യം എതിർത്തതിന്റെ... ഒക്കെയും ക്രെഡിറ്റും എടുക്കട്ടെ.
മുതലും പലിശയും പിഴപ്പലിശയും കൂട്ടി എടുക്കട്ടെ.
അപ്പോൾ, നിങ്ങൾക്കു വേണ്ടേ ക്രെഡിറ്റ് ?
അയ്യോ വേണ്ടേ വേണ്ട.
തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയുർത്തുന്നത് ഔദാര്യമല്ല ഉത്തരവാദിത്വം ആണ്. ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണ്.
പീഡിതർക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണ്.
രോദനങ്ങൾക്ക് കാതോർക്കുന്നതു കർത്തവ്യമല്ല, മനുഷ്യത്വമാണ്.
നമ്മൾ നീട്ടുന്ന സഹായഹസ്തം സൗമനസ്യമല്ല, ചുമതലയാണ്.
നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ മനുഷ്യരാകുമോ?
ജോൺ ബ്രിട്ടാസ്









0 comments