ലക്ഷം വിദ്യാർഥികൾക്ക്‌ തൊഴിൽ

സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് ഇന്ന്‌ തുടങ്ങും

skill kerala
വെബ് ഡെസ്ക്

Published on Aug 29, 2025, 12:23 AM | 1 min read

കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾക്ക് നൈപുണി പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025 വെള്ളിയാഴ്ച തുടങ്ങും. രാവിലെ 10ന്‌ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന്‌ വ്യവസായമന്ത്രി പി രാജീവും വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്കും അറിയിച്ചു.


കേരളത്തിന് അകത്തും പുറത്തും തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന ബൃഹദ് പദ്ധതിക്കാണ്‌ രണ്ടുദിവസമായി നടക്കുന്ന സമ്മിറ്റിലൂടെ തുടക്കമിടുന്നത്‌. യുവജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ ഒരുക്കുകയും തൊഴിൽ വിപണിയിൽ മത്സരിക്കാൻ സജ്ജരാക്കുകയുമാണ്‌ പ്രധാന ലക്ഷ്യം. 2025–26 അധ്യയനവർഷത്തിൽ ഒരുലക്ഷം വിദ്യാർഥികൾക്കെങ്കിലും ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ തൊഴിൽ നൽകും. ഇതിനായി വിവിധ കമ്പനികളുമായി ഒരുലക്ഷം തൊഴിലവസരങ്ങൾക്കായുള്ള താൽപ്പര്യപത്രം സമ്മിറ്റിൽ ഒപ്പുവയ്ക്കും. വിദ്യാഭ്യാസം, തൊഴിൽ, ഭാവിയിലെ നൈപുണി വികസനം തുടങ്ങിയ വിഷയങ്ങളിൽ ആഗോളതലത്തിലുള്ള ചർച്ചകൾ നടക്കും. ലിങ്ക്ഡ് ഇൻ തയ്യാറാക്കിയ കേരള ടാലന്റ് റിപ്പോർട്ട് 2025 പുറത്തിറക്കും.


ഉദ്‌ഘാടന സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. കർണാടക നൈപുണി വികസന മന്ത്രി ശ്രീശരൺ പ്രകാശ് മുഖ്യാതിഥിയാകും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ഒ ആർ കേളു, മുതിർന്ന ഉദ്യോഗസ്ഥർ, കേരളത്തിലെ വ്യവസായ പ്രമുഖർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. നിരവധി ദേശീയ,- അന്താരാഷ്ട്ര വിദഗ്ധരും നൂറിലേറെ കമ്പനികളുടെ എച്ച്‌ആർ മാനേജർമാരും പങ്കെടുക്കും. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. കെ–ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി പി വി ഉണ്ണിക്കൃഷ്‌ണനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.​



deshabhimani section

Related News

View More
0 comments
Sort by

Home