ഐടിഐക്കാർക്ക് – 57,578, ഡിപ്ലോമക്കാർക്ക് –34,349, ബിടെക് ബിരുദക്കാർക്ക് – 17,321, ബിരുദധാരികൾക്ക് –18,271
1.28 ലക്ഷം തൊഴിൽ ഉറപ്പ് ; സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സമാപിച്ചു

കൊച്ചി
വിദ്യാർഥികൾക്ക് 1,28,408 തൊഴിലവസരം ഉറപ്പാക്കി സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ്. ഇത് സംബന്ധിച്ച് വ്യവസായ സംഘടനകളിലെയും സ്ഥാപനങ്ങളിലെയും 445 തൊഴിലുടമകളുമായി വിജ്ഞാനകേരളം പദ്ധതി അധികൃതർ ധാരണപത്രം ഒപ്പിട്ടു. ഐടിഐ യോഗ്യതയുള്ളവര്‍ക്ക് 57,578, ഡിപ്ലോമക്കാർക്ക് 34,349, ബിടെക് ബിരുദക്കാർക്ക് 17,321 , ബിരുദധാരികൾക്ക് 18,271, ആരോഗ്യ പരിചരണരംഗത്തുള്ളവർക്ക് 889 എന്നിങ്ങനെയാണ് തൊഴിലവസരങ്ങൾ.
രണ്ട് ദിവസങ്ങളിലായി കൊച്ചിയിൽ കെ ഡിസ്‌കിന്റെ നേതൃത്വത്തിലാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾക്ക് നൈപുണി പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അരലക്ഷം തൊഴിലാണ് ലക്ഷ്യമിട്ടതെങ്കിലും ഇരട്ടിയിലേറെ സൃഷ്ടിക്കാനായത് വൻനേട്ടമായെന്ന് വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്ക് സമാപന ചടങ്ങിൽ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് –75211, എയര്‍ കാര്‍ഗോ ഫോറം ഇന്ത്യ–30000, കെ- ഡിസ്‌ക് –19852, ഐസിടി അക്കാദമി–1685, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി –1660 എന്നിവരാണ് തൊഴിലവസരം വാഗ്‌ദാനം ചെയ്‌തത്. വരുംദിവസങ്ങളിലും കൂടുതൽ കമ്പനികൾ ഇതുമായി കൈകോർക്കും. ഇതിനുള്ള തുടർപ്രവർത്തനത്തിനും ഉച്ചകോടി രൂപം നൽകി.
സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ്‌ചാൻസലർ പ്രൊഫ. ജഗതി രാജ് എന്നിവർ സംസാരിച്ചു. കെ–ഡിസ്‌ക് മെമ്പർ സെക്രട്ടറി പി വി ഉണ്ണിക്കൃഷ്‌ണൻ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടർ പി എം റിയാസ് നന്ദിയും പറഞ്ഞു.









0 comments