6 മാസം; 10 ലക്ഷം 
പുതിയ തൊഴിലവസരം

കേരളത്തെ വിജ്ഞാനാധിഷ്‌ഠിത 
വ്യവസായങ്ങളുടെ ഹബ്ബാക്കും : മുഖ്യമന്ത്രി

Skill Kerala Global Summit

കൊച്ചിയിൽ സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിന്റെ സമാപന സമ്മേളനത്തിന്റെ സദസ്സ്

വെബ് ഡെസ്ക്

Published on Aug 31, 2025, 03:34 AM | 2 min read


കൊച്ചി

കേരളത്തെ വിജ്ഞാനാധിഷ്‌ഠിത വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്‌ മുന്നിൽക്കണ്ടുള്ള വികസനക്കുതിപ്പാണ്‌ വിജ്ഞാന കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ്‌ സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളർച്ചയിൽ ഇത്തരം വ്യവസായങ്ങൾക്കും സേവനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്‌. തൊഴിൽ ലഭ്യമാക്കൽ, തൊഴിലന്വേഷകരെ സഹായിക്കൽ, നൈപുണി പരിശീലനം എന്നിവയിൽ കേരളം രാജ്യത്തിന്‌ മാതൃകയാകുകയാണ്‌. ഇതിനുള്ള നിർണായക ചുവടുവയ്‌പാണ്‌ സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ്‌. ലക്ഷ്യമിട്ടതിനപ്പുറം തൊഴിൽ അവസരങ്ങൾ സമ്മിറ്റിലൂടെ സൃഷ്ടിക്കാനായി. വിജ്ഞാന കേരളം പദ്ധതിയിലൂടെ വിദ്യാർഥികൾ, വീട്ടമ്മമാർ, തൊഴിൽ അന്വേഷകർ എന്നിവർക്ക്‌ അഭിരുചിക്കനുസൃതമായി പരിശീലനം നൽകി തൊഴിൽ നൽകും. വീടിന്‌ അകലേക്ക്‌ പോകാൻ കഴിയാത്ത വനിതകൾക്ക്‌ സമീപത്തുതന്നെ തൊഴിൽ കണ്ടെത്തി നൽകും. വിദേശത്ത്‌ തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ളവർക്ക്‌ അതിനാവശ്യമായ പരിശീലനവും നൽകും. തൊഴിലിലേക്ക്‌ നയിക്കാനും പരിശീലനം നൽകാനും 50,000 മെന്റർമാരെ നിയോഗിക്കും. അഭ്യസ്‌തവിദ്യരായ പ്രൊഫഷണലുകളാകും മെന്റർമാരെന്നും മുഖ്യമന്ത്രി പറഞ്ഞു.


6 മാസം; 10 ലക്ഷം 
പുതിയ തൊഴിലവസരം

ആറുമാസത്തിനുള്ളില്‍ 3.5 ലക്ഷം വിദ്യാര്‍ഥികള്‍ക്കും മൂന്നു ലക്ഷം വീട്ടമ്മമാര്‍ക്കും അഭ്യസ്തവിദ്യരായ രണ്ട് ലക്ഷം തൊഴില്‍രഹിതര്‍ക്കും ഉള്‍പ്പെടെ പത്തുലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ. കൊച്ചിയിൽ സംഘടിപ്പിച്ച ദ്വിദിന സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റോടെ ഇതിന്‌ തുടക്കമായി.


വിദ്യാർഥികൾക്ക്‌ മാത്രമായി 1.28 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉച്ചകോടിക്കായി. യുവാക്കളുടെ തൊഴില്‍ സാധ്യത വികസിപ്പിക്കാനുമുള്ള മുന്നേറ്റത്തിന്‌ നാന്ദികൂടിയായി ഉച്ചകോടി. അവസരങ്ങളുടെ വൻ സാധ്യതകളാണ്‌ തുറന്നത്‌. തൊഴില്‍ ദാതാക്കള്‍ ആവശ്യപ്പെടുന്ന നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളെയാകും ക്യാമ്പസുകളില്‍നിന്ന് നിയമിക്കുക. ഇതിനുപുറമെ കരിയര്‍ ബ്രേക്ക് വന്ന 10,000 വനിതകള്‍ക്ക് തൊഴില്‍രംഗത്ത്‌ തിരികെ പ്രവേശിക്കാന്‍ പരിശീലനം നല്‍കാന്‍ ‘വിമൻ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജി’യുമായി ധാരണപത്രം ഒപ്പിട്ടു. ‘ഓട്ടോമേറ്റീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ’യുമായും ‘കാഡര്‍ ഓട്ടിസം സെന്ററു’മായും വിവിധ മേഖലകളിലെ നൈപുണ്യ പരിശീലനത്തിനും ധാരണപത്രം ഒപ്പുവയ്‌ക്കാനും കഴിഞ്ഞു.


രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ വ്യവസായ പ്രതിനിധികളും വിദഗ്ധരും വിദ്യാര്‍ഥികളും അടക്കം മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു ലക്ഷത്തോളംപേര്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്തു. ഇരുന്നൂറോളം വിദഗ്ധര്‍ പങ്കെടുത്ത 57 പാനല്‍ ചര്‍ച്ചകളും നാല് വട്ടമേശ സമ്മേളനങ്ങളും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home