സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് തുടങ്ങി,ആഗോള നൈപുണി ഹബ്ബാകാൻ കേരളം

കൊച്ചി:
ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണി പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് 2025ന് തുടക്കം. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മിറ്റ് ഉദ്‌ഘാടനം ചെയ്തു.
2025-–26 അധ്യയനവര്‍ഷത്തില്‍ ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്കെങ്കിലും ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ തൊഴില്‍ നല്‍കുന്നതിനായി വിവിധ കമ്പനികളുമായി താല്‍പ്പര്യപത്രം ഒപ്പുവയ്ക്കും. പ്രമുഖ കരിയർ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇൻ തയ്യാറാക്കിയ കേരള ടാലന്റ് റിപ്പോർട്ട് 2025 ചടങ്ങിൽ മന്ത്രി ആർ ബിന്ദു പുറത്തിറക്കി. സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകൾ, തൊഴിൽ വിപണിയിലെ പുതുപ്രവണതകൾ, ആഗോള തൊഴിൽസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണിത്. ആദ്യദിനം ആറുവേദികളിലായി വിദ്യാഭ്യാസം, തൊഴില്‍, ഭാവിയിലെ നൈപുണി വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകൾ നടന്നു.
‘നൈപുണി പരിശീലനം നേടുന്നതിനുള്ള അഭിരുചി’ എന്ന വിഷയത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗക്ഷേമമന്ത്രി ഒ ആര്‍ കേളു മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളിലെ 1500 ലധികം പേര്‍ പങ്കെടുത്തു.
തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. കർണാടക നൈപുണി വികസനമന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ, വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്, കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്‌ണൻ, ഡയറക്ടർ പി എം റിയാസ് എന്നിവർ സംസാരിച്ചു.
ശനി വൈകിട്ട് നാലിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. വിജ്ഞാനകേരളം കാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാ (കെ–ഡിസ്‌ക്)ണ് സമ്മിറ്റിന്റെ സംഘാടകർ.









0 comments