കാണാതായ വയോധികന്റെ അസ്ഥികൂടം കൈതത്തോട്ടത്തിൽ കണ്ടെത്തി


സ്വന്തം ലേഖകൻ
Published on Feb 04, 2025, 07:27 AM | 1 min read
പാലാ : മീനച്ചിലിൽനിന്ന് ഒന്നരമാസംമുമ്പ് കാണാതായ വയോധികന്റെ അസ്ഥികൂടം വീടിന് സമീപം ഒറ്റപ്പെട്ട പ്രദേശത്തെ കൈത തോട്ടത്തിൽ കണ്ടെത്തി. മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യു തോമസിന്റെ (മാത്തച്ചൻ–-84) അസ്ഥികൂടമാണ് കണ്ടുകിട്ടിയത്. അസ്ഥികൂടത്തോടൊപ്പം കണ്ടെത്തിയ ബനിയന്റെയും മുണ്ടിന്റെയും അവശിഷ്ടങ്ങൾ മാത്യുവിന്റേതാണെന്ന് മക്കളായ സെലിൻ, ബീന, ജെസി എന്നിവർ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ചൊവ്വ രാവിലെ ഫോറൻസിക് പരിശോധന നടത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റും. അസ്ഥികൂടത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തി. പുല്ലരിയാൻ വന്ന മാത്യുവിന്റെ അടുത്ത ബന്ധുവാണ് തിങ്കൾ വൈകിട്ട് ആറോടെ അസ്ഥികൂടം കണ്ടത്.
ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ്, പാലാ ഡിവൈഎസ്‌പി കെ സദൻ, എസ്എച്ച്ഒ ജോബിൻ, എസ്ഐ വി എൽ ബിനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. നടക്കാൻ പോയ മാത്യുവിനെ കഴിഞ്ഞ ഡിസംബർ 21 മുതലാണ് കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിനൽകിയിരുന്നു. പിന്നീട് ആളെ കണ്ടെത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ഇത് ശരിയല്ലെന്ന് ബന്ധുക്കളിൽ ചിലർ പൊലീസിൽ അറിയിച്ചു. അന്വേഷണം എങ്ങുമെത്താതായതോടെ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. റിപ്പോർട്ട് നൽകാനുള്ള കോടതി നിർദ്ദേശത്തെ തുടർന്ന് കടാവർ നായ്ക്കളെ ഉൾപ്പെടെ എത്തിച്ച് പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. അന്ന് തെരച്ചിൽ സംഘം എത്താത്ത ഭാഗത്താണ് ഇപ്പോൾ അസ്ഥികൂടം കണ്ടെത്തിയത്.









0 comments