കന്യാസ്ത്രീകളുടെ അറസ്റ്റ്: ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിന് നന്ദി അറിയിച്ച്‌ സിസ്റ്റർ മേരി സ്കറിയ

john
വെബ് ഡെസ്ക്

Published on Jul 28, 2025, 11:10 PM | 1 min read

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ജോൺ ബ്രിട്ടാസ് എം പി നടത്തിയ ഇടപെടലുകളിൽ നന്ദി അറിയിച്ച് സിബിസിഐ നിയമോപദേശകയും സുപ്രീം കോടതി അഭിഭാഷകയുമായ സിസ്റ്റർ മേരി സ്കറിയ. ജോൺ ബ്രിട്ടാസ് വിഷയം പാർലമെൻ്റിൽ ഉന്നയിച്ചു. വ്യക്തിപരമായി വിഷയത്തിൽ ഇടപെട്ടു. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് അക്രമങ്ങൾ വർധിക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ പിന്തുണയില്ലാതെ ബജ്റംഗ്ദളും ഇത്തരം അതിക്രമങ്ങൾ നടക്കില്ല. രാജ്യത്തെ പൗരൻമാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള കടമ മോദി സർക്കാർ നിറവേറ്റണമെന്നും മേരി സ്കറിയ മാധ്യമങ്ങളോട് പറഞ്ഞു.


മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചിരുന്നു. എംപിമാരായ വി ശിവദാസൻ, എ എ റഹിം, ജോൺ ബ്രിട്ടാസ്, കെ രാധാകൃഷ്ണൻ, സന്തോഷ് കുമാർ, ആർ സച്ചിദാനന്ദം എന്നിവരാണ് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചത്. കൂടാതെ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസും നൽകി.


അതേസമയം അറസ്റ്റ്‌ ചെയ്ത്‌ നാലാംദിവസവും കന്യാസ്ത്രീകളെ സഭാ അധികൃതരുമായി ബന്ധപ്പെടാൻ പോലും പൊലീസ്‌ അധികൃതർ അനുവദിച്ചില്ല. ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച്‌ ചത്തീസ്‌ഗഡ്‌ മതസ്വാതന്ത്ര നിയമത്തിലെ നാലാം വകുപ്പ്‌, മനുഷ്യക്കടത്തിന്‌ ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുകൾ ചുമത്തിയാണ്‌ കന്യാസ്ത്രീകളായ പ്രീതിമേരിയെ ഒന്നാംപ്രതിയാക്കിയും വന്ദനാഫ്രാൻസിസിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തിട്ടുള്ളത്‌. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ ബിഎൻഎസിലെ 152ാം വകുപ്പും ചുമത്തി. പരമാവധി പത്തുവർഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്‌ കന്യാസ്‌ത്രീകൾക്ക്‌ എതിരെ ചുമത്തിയിട്ടുള്ളത്‌.


നിലവിൽ റിമാൻഡിലുള്ള കന്യാസ്‌ത്രീകൾ തിങ്കളാഴ്‌ച്ച ദുർഗ്‌ ജില്ലാകോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ്‌ ആദ്യം അറിയിച്ചിരുന്നത്‌. എന്നാൽ, എഫ്‌ഐആറിലെ ചില ഗുരുതര പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ ജാമ്യാപേക്ഷ പിന്നീട്‌ നൽകിയാൽ മതിയെന്ന്‌ തീരുമാനിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലികൾക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയാണ്‌ ബജ്‌റംഗ്‌ദൾ നേതാക്കളായ രത്തൻയാദവിന്റെയും ജ്യോതിശർമയുടെയും ശർമയുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ കൈയ്യേറ്റം ചെയ്‌തത്‌. ബജ്‌റംഗ്‌ദൾ പ്രവർത്തകർ തന്നെയാണ്‌ ‘മതപരിവർത്തനം’ ആരോപിച്ച്‌ പൊലീസിനെ വിളിച്ചുവരുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home