എസ്ഐആർ സംഘപരിവാർ അജണ്ട: കേരളത്തിൽ നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം- എം വി ഗോവിന്ദൻ

തിരുവനന്തപുരം: വോട്ടർമാരെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) കേരളത്തിൽ നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്‌ഐആറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ട്. കേസിന്റെ അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. അത് കൊണ്ട് തന്നെ എസ്‌ഐആറുമായി മുന്നോട്ട് പോകുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്‌ഐആറിലൂടെ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയ്ക്ക് നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ആർഎസ്എസും ബിജെപിയും മുമ്പ് തന്നെ പറഞ്ഞുവെച്ച ഒന്നാണ് പൗരത്വ ഭേദഗതി നിയമത്തിനൊപ്പം ഇന്ത്യയിൽ പൗരത്വ രജിസ്റ്റർ കൂടി നടപ്പാക്കുമെന്നത്. ഇപ്പോൾ എസ്‌ഐആറിന്റെ പേരിൽ ഇതാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷന്‍ തയ്യാറാക്കിയ മാനദണ്ഡത്തില്‍ കുടിയേറിയ, മരണപ്പെട്ട, ഇരട്ടിപ്പുള്ള, വിദേശികളായ വോട്ടര്‍മാരെ നീക്കം ചെയ്യുമെന്നാണ് വ്യക്തമാക്കിയത്. മരണപ്പെട്ടവരെയും ഇരട്ടിപ്പുള്ളവരെയും നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍ കുടിയേറിയ, വിദേശികളായ വോട്ടര്‍മാരെ ഒഴിവാക്കുന്നു എന്നത് പൗരത്വ രജിസ്റ്ററിന്റെ ഭാഗമാണ്. തങ്ങളുടെ ചട്ടുകങ്ങളായ തെരഞ്ഞെടുപ്പ് കമീഷണർമാരെ ഉപയോഗിച്ച് കേന്ദ്രം സുപ്രീം കോടതി വിധിയെ മറികടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ അട്ടിമറിക്ക് തെരഞ്ഞെടുപ്പ് കമീഷനെ കൂടി കേന്ദ്രം ഉപയോഗിക്കുകയാണ്. 2024ലെ തെരഞ്ഞെടുപ്പ് ബിഹാറില്‍ വോട്ട് ചെയ്ത 64 ലക്ഷം പേരെയാണ് എസ്‌ഐആറിലൂടെ ഒഴിവാക്കിയത്. ഇതില്‍ വലിയൊരു വിഭാഗം ന്യൂനപക്ഷവും ദളിത് വിഭാഗത്തില്‍പ്പെട്ടവരും സ്ത്രീകളുമാണ്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത മാസങ്ങളിലായി നടക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ബിജെപി ഒഴിച്ചിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് നടപടികൾക്ക് സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയത്. അത് പരിഗണിക്കാതിരിക്കുന്നത് ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments