ഫോം പൂരിപ്പിക്കൽ: സംശയം ദൂരീകരിക്കാനാകാതെ 
ഉദ്യോഗസ്ഥർ

print edition വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന ; കേരളത്തിൽ ഫോം വിതരണം ഇഴയുന്നു

Enumaration Form FAQ
വെബ് ഡെസ്ക്

Published on Nov 14, 2025, 03:10 AM | 2 min read


തിരുവനന്തപുരം

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട്‌ നടപ്പാക്കുന്ന വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനാ (എസ്‌ഐആർ) നടപടികളിൽ വൻ വീഴ്ച. പത്ത്‌ ദിവസമായി തുടരുന്ന എന്യൂമറേഷൻ ഫോം വിതരണം മന്ദഗതിയിലാണ്.


മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ വ്യാഴാഴ്ച വൈകിട്ട്‌ പുറത്തുവിട്ട കണക്കുപ്രകാരം 1,84,57, 807 പേർക്ക്‌ ( 66.27 ശതമാനം) മാത്രമാണ്‌ ഫോം വിതരണം ചെയ്തത്‌.

എന്നാൽ, നവംബർ നാലിന്‌ കേരളത്തിനൊപ്പം വിതരണം ആരംഭിച്ച പശ്ചിമ ബംഗാളിൽ 90 ശതമാനത്തിനടുത്തെത്തി. കേരളത്തിൽ നവംബർ 25-നകം വിതരണം പൂർത്തിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഈ അവസ്ഥയിൽ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന ആശങ്ക ശക്തമാണ്.


തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ട്‌ പ്രധാന പ്രവർത്തനം ഒരേ സമയം നടത്തിയാൽ പ്രായോഗിക പ്രശ്നമുണ്ടാകുമെന്ന്‌ രാഷ്ട്രീയ പാർടികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്‌ അവഗണിച്ച്‌ തിടുക്കപ്പെട്ട്‌ എസ്‌ഐആർ ആരംഭിച്ചതും പ്രശ്നം ഗുരുതരമാക്കി. പുനഃപരിശോധനയിലെ മുഖ്യ കണ്ണിയായ ബിഎൽഒമാർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടില്ല. വീടുകളിലെത്തി സംശയങ്ങൾ ദൂരീകരിച്ച് ഫോം നൽകുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉറപ്പും നടപ്പായില്ല.


ഫോം പൂരിപ്പിക്കൽ: സംശയം ദൂരീകരിക്കാനാകാതെ 
ഉദ്യോഗസ്ഥർ

ഫോം പൂരിപ്പിക്കലിന്റെ അവ്യക്തത വോട്ടർമാരെ ആശങ്കയിലാക്കി. കൃത്യമായ സഹായം ലഭിക്കാത്തതിനാൽ പട്ടികയിൽനിന്ന് പുറത്താകുമോ പൗരത്വം നഷ്ടപ്പെടുമോ എന്നറിയാത്ത അവസ്ഥയാണ്. ഇത്‌ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കുന്നില്ല. അനാഥരായവർ മാതാപിതാക്കളുടെ കോളത്തിൽ ആരുടെ പേര് നൽകുമെന്നതിൽ വ്യക്തതയില്ല. അവസാന എസ്‌ഐആറിൽ ഉൾപ്പെട്ട ‘ബന്ധുക്കൾ' എന്ന് നിർവചിക്കുന്നത് ആരെയൊക്കെയെന്നും പറയുന്നില്ല.

എന്യൂമറേഷൻ ഫോം വിതരണത്തിലെ ആശങ്ക ; പത്താം ദിവസം പ്രവാസികൾക്ക്‌ കോൾ സെന്റർ

എന്യൂമറേഷൻ ഫോം വിതരണത്തിന്റെ പത്താംദിവസം പ്രവാസികൾക്കായി കോൾ സെന്റർ തുടങ്ങി. ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിരവധി ആശങ്കകളും പരാതികളും പുറത്തുവരുന്നതിന്റെ ഭാഗമായാണ്‌ നടപടി. വ്യാഴാഴ്ച ആരംഭിച്ച കോൾസെന്ററിലേക്ക്‌ 0471 2551965 എന്ന നമ്പറിലൂടെ ബന്ധപ്പെടാം. ഇന്ത്യൻ സമയം രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ ഏഴുമണിവരെ വിളിക്കാനാണ്‌ നിർദേശം. കൂടാതെ [email protected] എന്ന മെയിൽ ഐഡിയിലും സംശയങ്ങൾ ചോദിക്കാം.


രാഷ്ട്രീയ പാർടികളുടെ മൂന്നാമത്തെ യോഗത്തിൽ ബിജെപി ഒഴികെയുള്ള പാർടികൾ ഇ‍ൗ ആവശ്യം ഉന്നയിച്ചിരുന്നു. പ്രവാസികൾ വലിയ ആശയക്കുഴപ്പത്തിലാണെന്നും ഭൂരിഭാഗം പേർക്കും സംശയനിവാരണത്തിന്‌ വഴികളില്ലെന്നും തെളിവുസഹിതം പരാതിപ്പെട്ടിരുന്നു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ സമൂഹിക മാധ്യമ പോസ്റ്റിലും നിരവധി പരാതികൾ ഇതുസംബന്ധിച്ച്‌ ഉയർന്നുവരുന്നുണ്ട്‌.


എസ്‌ഐആർ മാറ്റിവയ്ക്കണം: 
എൻജിഒ യൂണിയൻ

വോട്ടർപട്ടിക തീവ്ര പുനഃപരിശോധന കേരളത്തിൽ തെരക്കുപിടിച്ച് നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ എൻജിഒ യൂണിയൻ. എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദമാണ് അനുഭവിക്കുന്നത്.


ഒരു ബൂത്തിൽ ശരാശരി 1000നും 1200 നും ഇടയിൽ വരുന്ന വോട്ടർമാരെ സമീപിച്ച് ഡിസംബർ നാലിനകം ഫോം നൽകുകയെന്നത്‌ അപ്രായോഗികമാണ്. ജനങ്ങളുടെ സംശയം പരിഹരിക്കാതെ ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇഷ്‌ടാനുസരണം ടാർജറ്റ് നിശ്ചയിച്ച് അത് പൂർത്തിയാക്കാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചുമതലയും നിർവഹിക്കേണ്ടതുണ്ട്. മനുഷ്യസാധ്യമാകാത്ത ജോലികളാണ് അടിച്ചേൽപ്പിക്കുന്നത്. ഇതിൽനിന്ന്‌ ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും എസ്‌ഐആർ മാറ്റിവയ്ക്കണമെന്നും എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Home