ഗണഗീതം പാടിച്ചത്‌ ഭരണഘടനാവിരുദ്ധം: സിപിഐ എം

cpim
വെബ് ഡെസ്ക്

Published on Nov 09, 2025, 05:15 PM | 1 min read

തിരുവനന്തപുരം: എറണാകുളം–ബംഗളൂരു വന്ദേഭാരത്‌ സര്‍വീസ്‌ ഉദ്‌ഘാടനത്തിനിടെ സ്‌കൂള്‍ കുട്ടികളെക്കൊണ്ട്‌ ഹിന്ദുരാഷ്ട്ര നിര്‍മിതിയെ കുറിച്ചുള്ള ഗണഗീതം പാടിപ്പിച്ച റെയില്‍വേ നടപടി ഭരണഘടനാവിരുദ്ധമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌. വര്‍ഗീയ പ്രചാരണത്തിന്‌ കുട്ടികളെ പോലും കരുവാക്കുന്നത്‌ അങ്ങേയറ്റവും അപലപനീയവും നീചവും ജനാധിപത്യവിരുദ്ധവുമാണ്‌.


വന്ദേഭാരത്‌ സര്‍വീസ്‌ പ്രധാനമന്ത്രി വാരാണസിയില്‍ വച്ച്‌ ഓണ്‍ലൈനായി ഫ്ലാഗ്‌ ഓഫ്‌ ചെയ്‌ത ശേഷമാണ്‌ ദേശഭക്തിഗാനമെന്ന മറവില്‍ കുട്ടികളെക്കൊണ്ട്‌ ആര്‍എസ്‌എസിന്റെ ഗണഗീതം പാടിച്ചത്‌. സ്വാന്തന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ മാറിനിന്ന, രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന, ഇന്ത്യന്‍ ഭരണഘടനയേയും ദേശീയ പതാകയെയും മാനിക്കാത്ത പ്രത്യയശാസ്‌ത്രത്തിന്റെ ഉടമകളാണ്‌ ആര്‍എസ്‌എസ്‌. അവരുടെ ഗണഗീതം ദേശഭക്തിയല്ല മറിച്ച്‌ വിദ്വേഷവും വെറുപ്പുമാണ്‌ സൃഷ്ടിക്കുന്നത്‌.


ഇന്ത്യ എന്ന ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച റെയില്‍വേയെ തന്നെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഉപയോഗിക്കുകയാണ്‌. മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തെ വര്‍ഗീയവല്‍കരിക്കാന്‍ നേരത്തേ രാജ്‌ഭവനെ ഉപയോഗിച്ചതുപോലെയാണ്‌ ഇപ്പോഴത്തേതും. എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ സിപി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home