എസ്ഐ യെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കോടതിയിൽ കീഴടങ്ങി

മൂവാറ്റുപുഴ: വാഹന പരിശോധനയ്ക്കിടെ കല്ലൂർക്കാട് പാെലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഇ എം മുഹമ്മദിനെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ട് പ്രതികളിൽ ഒരാൾ കോടതിയിൽ കീഴടങ്ങി. ഒന്നാം പ്രതി മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയിൽ താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് മണിയാറംകുടി പാറയിൽ വീട്ടിൽ മുഹമ്മദ് ഷെരീഫ് (25)ആണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് മിനിസ്ട്രേറ്റ് കോടതിയിൽ ബുധൻ പകൽ പന്ത്രണ്ടോടെ അഭിഭാഷകനൊപ്പം കീഴടങ്ങിയത്.
പ്രതിയെ ജൂലൈ രണ്ട് വരെ കോടതി റിമാൻഡ് ചെയ്തു. കല്ലൂർക്കാട് പൊലീസും കോടതിയിൽ എത്തിയിരുന്നു. രണ്ടാം പ്രതി തൊടുപുഴ വെങ്ങല്ലൂർ പ്ലാവിൻചുവട് ഭാഗം മാളിയേക്കൽ വീട്ടിൽ ആസിഫ് (24) നെ പിടികൂടാനുള്ള അന്വേഷണം പാെലീസ് തുടരുന്നു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന കേസിൽ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊടുപുഴയിൽ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശികളായ കണിയാൻകുന്ന് വീട്ടിൽ ഷാഹിദ് (27), കാരക്കോട് വീട്ടിൽ റഫ്സൽ (24) എന്നിവരെ വിട്ടിരുന്നു. കഴിഞ്ഞ 14ന് വൈകിട്ട് നാലരയോടെ കല്ലൂർക്കാട് തൊടുപുഴ റൂട്ടിൽ നാഗപ്പുഴ വഴിയാഞ്ചിറയാണ് സംഭവം.
പാെലീസ് വാഹനങ്ങൾ പരിശോധിക്കുമ്പോൾ ഇതുവഴി കാറിൽ എത്തിയ ഷെരീഫും ആസിഫും എസ് ഐ മുഹമ്മദിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി. ഷെരീഫ് ആണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാർ തൊടുപുഴ വെങ്ങല്ലൂരിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിന്ന് പിറ്റേന്ന് പാെലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധന വിഭാഗം എത്തി കാർ പരിശോധിച്ചു. സംഭവത്തിനുശേഷം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത പ്രതികൾ ഒളിവിലായിരുന്നു. മുമ്പ് അപകടത്തിൽപ്പെട്ട മറ്റൊരു വാഹനത്തിന്റെ നിയമനടപടികൾക്കായി കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിയശേഷം ഇരുവരും തിരികെ പോകുന്നതിനിടെയാണ് സംഭവം.
കാർ നിർത്താതെ വേഗത്തിൽ പൊലീസിനെ വെട്ടിച്ച് കടന്നു പോകുമ്പോഴാണ് എസ് ഐ യെ ഇടിച്ചിട്ടത്. വലതുകാലിലൂടെ കാർ കയറിയിറങ്ങിയതിനാൽ പാദത്തിന് പൊട്ടലേറ്റ് ചികിത്സയിലായിരുന്ന എസ് ഐ മുഹമ്മദ് ആശുപത്രി വിട്ടു. മുഹമ്മദ് ഷെരീഫ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ആസിഫ് ഡ്രൈവറാണ്.ഒന്നാം പ്രതി ആസിഫ് ഉടൻ പടിയിലാകുമെന്ന് ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ മറ്റു വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.







0 comments