കപ്പൽ യാത്രാനിരക്ക് കുത്തനെ കൂട്ടി; ലക്ഷദ്വീപ് യാത്രയ്ക്ക് ചെലവേറും


സ്വന്തം ലേഖകൻ
Published on Jun 03, 2025, 02:30 AM | 1 min read
കൊച്ചി: മുന്നറിയിപ്പില്ലാതെ കപ്പൽ റദ്ദാക്കിയതിനുപുറമെ ലക്ഷദ്വീപുകാരുടെ നടുവൊടിക്കുന്ന യാത്രാനിരക്ക് വർധനയുമായി അഡ്മിനിസ്ട്രേഷൻ. ടിക്കറ്റ് നിരക്കിലെ 42 ശതമാനത്തിലധികം വർധന ഞായറാഴ്ചമുതൽ പ്രാബല്യത്തിലായി. കൊച്ചിയിൽനിന്ന് കവരത്തിയിലേക്ക് 330 രൂപയുണ്ടായിരുന്ന ബങ്ക് സീറ്റിന്റെ പുതിയ നിരക്ക് 470 രൂപയാണ്. സെക്കൻഡ് ക്ലാസ് ടിക്കറ്റ് 1300ൽനിന്ന് 1820 ആയി.
ഫസ്റ്റ് ക്ലാസിന് 3510ൽനിന്ന് 4920 രൂപയുമായാണ് വർധിപ്പിച്ചത്. വിഐപി ടിക്കറ്റ് 8560 രൂപയാക്കിയിട്ടുണ്ട്. കപ്പലിനൊപ്പം അതിവേഗ വെസലുകളുടെയും നിരക്ക് വർധിപ്പിച്ചു. കൊച്ചിയിൽനിന്ന് ആന്ത്രോത്തിലേക്ക് ദ്വീപുനിവാസികൾക്ക് 510, പുറത്തുനിന്നുള്ളവർക്ക് 3500 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. കൽപ്പേനിയിലേക്ക് ഇത് യഥാക്രമം 510, 3450 എന്നിങ്ങനെയാകും.
നിരക്ക് വർധിപ്പിച്ചെങ്കിലും യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞദിവസം എംവി കവരത്തി മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കിയതോടെ കുടുങ്ങിയത് 750 യാത്രക്കാരാണ്.
7 കപ്പൽ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 2 എണ്ണം
നേരത്തേ ഏഴു കപ്പൽ സർവീസ് നടത്തിയ കൊച്ചി–-ലക്ഷദ്വീപ് യാത്രയ്ക്ക് ഇപ്പോൾ എംവി കവരത്തി, എംവി കോറൽസ് എന്നീ രണ്ടു കപ്പലുകളാണുള്ളത്. ആഴ്ചയിൽ നാല് സർവീസുകളിലായി 1152 പേർക്കുമാത്രമേ ഇതിൽ സഞ്ചരിക്കാനാകൂ. കപ്പലുകൾ കുറഞ്ഞതോടെ ലക്ഷദ്വീപിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമവും വിലക്കയറ്റവും രൂക്ഷമാണ്. ലക്ഷദ്വീപ് സീ, അറേബ്യൻ സീ, എംവി ലഗുൺ, എംവി അമിനി, എംവി മിനിക്കോയ് എന്നീ കപ്പലുകൾ മാസങ്ങളായി അറ്റകുറ്റപ്പണികൾക്ക് മുംബൈ, കൊച്ചി കപ്പൽശാല യാർഡുകളിലാണ്. ഇതും യാത്രാപ്രതിസന്ധി കൂട്ടുന്നു. കപ്പൽ സർവീസുകൾ താളംതെറ്റിയതോടെ ദ്വീപുകാരുടെ ജീവിതം ഏറെ ദുസ്സഹമായിരിക്കുകയാണെന്ന് സിപിഐ എം ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറേഷി പറഞ്ഞു.









0 comments