കപ്പൽ അപകടത്തിൽപ്പെട്ട നാവികരെ കരക്കെത്തിച്ചു

കൊച്ചി: അറബിക്കടലിൽ മുങ്ങിയ കപ്പലിലുണ്ടായിരുന്ന നാവികരെ കരക്കെത്തിച്ചു. കപ്പലിലുണ്ടായിരുന്ന ക്യപ്‌റ്റനുൾപ്പെട 24 നാവികരെയാണ് തീരത്തെത്തിച്ചത്. ഐഎൻഎസ് സുജാത വഴിയായിരുന്നു നാവിക സേന, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം. അർനവേഷ് എന്ന നാവിക സേനയുടെ കപ്പൽ വഴിയാണ് നാവികർ കരയിലെത്തിയത്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നൗട്ടിക്കൽ മൈൽ അകലെയാണ് എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ കടലിൽ പതിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥ പ്രതികൂലമായതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.
ജീവനക്കാരെ രക്ഷിച്ചുവെങ്കിലും കപ്പൽ പൂർണമായും കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന ഏകദേശം 100ഓളം കണ്ടെയ്‌നറുകൾ കടലിൽ വീണിട്ടുണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് കപ്പൽ കടലിലേക്ക് മുങ്ങുന്നത് തടയാനുള്ള പ്രവർത്തനത്തിന് തിരിച്ചടിയായത്.

അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തീരദേശത്ത് സുരക്ഷ ശക്തമാക്കാൻ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കണ്ടെയ്‌നറുകൾ കരയിൽ സുരക്ഷിതമായി എത്തിക്കാൻ ജെസിബി, ക്രെയിൻ എന്നിവ ഉപയോഗിക്കും.
ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ് വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കൻ ജില്ലകളിൽ ഒന്നുവീതം ടീമും തയ്യാറായി നിൽക്കാനും യോഗം നിർദേശിച്ചു. എണ്ണപ്പാട തീരത്തെത്തിയാൽ ക്കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ സമാനമായി ടീമും ഉണ്ടാകും.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കണ്ടയ്നർ എത്താൻ കൂടുതൽ സാധ്യത. തീരത്ത് അപൂർവ വസ്തുക്കൾ, കണ്ടയ്നർ എന്നിവ കണ്ടാൽ തൊടുകയോ അടുത്ത് പോകുകയോ ചെയ്യരുത്. അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്ററെങ്കിലും അകലെ നിൽക്കുക, 112ൽ അറിയിക്കുക എന്ന നിർദേശം എല്ലാ തീരദേശ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും നൽകി. കപ്പൽ മുങ്ങിയ ഇടത്തുനിന്നും 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്.

കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടിൽ പെട്ടുപോകാൻ സാധ്യതയുള്ളതിനാൽ കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കണം. ഓയിൽ സ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ് സ്കിമ്മെർസ് എന്നിവയെ ഒരുക്കി നിർത്താൻ നേവി, കോസ്റ്റ് ഗാർഡ്, പോർട്ട് വകുപ്പ് എന്നിവക്ക് നിർദേശം നൽകി.









0 comments