കപ്പൽ അപകടം; എംഎസ്‌സി എൽസ 3 അപകടനില തരണംചെയ്തു

കൊച്ചി : അറബിക്കടലിൽ 26 ഡിഗ്രി ചരിഞ്ഞിരിക്കുന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ അപകടനില തരണം ചെയ്തു. കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. 21പേരെ ശനിയാഴ്ച രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്ക് കപ്പലിന്‍റെ സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തന്നെ തുടരുകയാണ്. 20 ഫിലിപ്പെെൻ സ്വദേശികൾ, രണ്ട് ഉക്രെെൻ സ്വദേശികൾ, ജോർജിയയിൽ നിന്നും ഒരാൾ എന്നിങ്ങനെ 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യൻ സ്വദേശിയാണ് കപ്പലിന്റെ ക്യാപ്റ്റൻ.
കൊച്ചിയിൽ 70കിലോമീറ്റർ അകലെ കണ്ടെയ്നറുകളുമായി പോയ ലൈബീരിയന്‍ ഫ്‌ളാഗുള്ള എംഎസ്സി എല്‍സ3 എന്ന കാര്‍ഗോ ഷിപ്പാണ് ശനിയാഴ്ച അപകടത്തില്‍പ്പെട്ടത്. കപ്പൽ ചരിഞ്ഞപ്പോൾ തന്നെ കണ്ടെയ്നറുകൾ അറബിക്കടലിലേക്കു വീഴുകയായിരുന്നു. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.
184 മീറ്റർ നീളവും 26 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. ഗ്രോസ് ടണേജ് ഭാരം 16,799 ടണ്ണും ഡെഡ് വെയിറ്റ് ടണേജ് ഭാരം 22,994 ടണും ആണ്. 1997ലാണ് എംഎസ്‌സി എൽസ 3 കമ്മീഷൻ ചെയ്തത്. ശരാശരി 6.7 നോട്‌സ് വേഗതയിൽ സഞ്ചരിക്കാവുന്ന കപ്പലിന്റെ പരമാവധി വേഗം 13.1 നോട്‌സ് ആണ്. തൂത്തുക്കുടിയിൽ നിന്ന് മെയ് 18ന് വൈകിട്ട് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തും എത്തിയിരുന്നു.









0 comments