ഷെെൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

തൃശൂർ
നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛൻ സി പി ചാക്കോ (70) മരിച്ചു. ഇവർ സഞ്ചരിച്ച കാർ സേലം–ബംഗളൂരു ദേശീയ പാത- ധർമപുരി ജില്ലയിലെ കൊമ്പനഹള്ളിയിലാണ് അപകടത്തിൽപ്പെട്ടത്. വെള്ളി രാവിലെ ആറോടെയായിരുന്നു സംഭവം. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോ മരിച്ചു. അപകടത്തിൽ ഷൈൻ, അമ്മ മരിയ കാർമൽ, സഹോദരൻ ജോജോ ചാക്കോ, ഡ്രൈവർ അനീഷ് എന്നിവർക്കും പരിക്കേറ്റു.
ലോറി പെട്ടെന്ന് ട്രാക്ക് മാറിയതാണ് അപകട കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.
കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കർണാടക സ്വദേശിയായ ലോറി ഡ്രൈവറെ ധർമപുരി പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. കാർ പൂർണമായും തകർന്നു.
ഷെെനിന്റെ തോളെല്ലിനാണ് പരിക്ക്. അമ്മയുടെയും സഹോദരന്റെയും ഡ്രെെവറുടെയും പരിക്ക് ഗുരുതരമല്ല. ഷൈനിന്റെ തുടർ ചികിത്സ തൃശൂരിൽ നടത്തും. ചാക്കോയുടെ മൃതദേഹം ധർമപുരി മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടത്തിനു ശേഷം വിട്ടുനൽകി. തുടർന്ന് ഷൈൻ അടക്കമുള്ളവർ ഡിസ്‌ചാർജ് വാങ്ങി തൃശൂരിലേക്ക് മടങ്ങി.
ചാക്കോയുടെ മൃതദേഹം ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് മുണ്ടൂരിലെ വീട്ടിലെത്തിക്കും. ന്യൂസിലാൻഡിലുള്ള, ചാക്കോയുടെ മക്കൾ സുമി മേരി, റിയ മേരി എന്നിവർ എത്തിയശേഷം സംസ്‌കാരം നടക്കും. ഷൈനിന്റെ തുടർചികിത്സയ്‌ക്കായാണ് കുടുംബം കൊച്ചിയിൽ നിന്ന് ബംഗളുരുവിലേക്ക് പോയത്.









0 comments