ഷൈൻ ടോം ചാക്കോയ്‌ക്ക്‌ ഫെഫ്‌കയുടെ താക്കീത്

shine tom chacko
വെബ് ഡെസ്ക്

Published on Apr 23, 2025, 02:08 AM | 2 min read


കൊച്ചി

ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക്‌ ഫെഫ്‌കയുടെ കർശന താക്കീത്. നടനെ വിളിച്ചുവരുത്തി സംസാരിച്ചതായും മയക്കുമരുന്ന് ഉപയോഗം സമ്മതിച്ചെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദുശ്ശീലങ്ങൾ അവസാനിപ്പിക്കാൻ ഷൈനിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റ് തിരുത്താൻ ഒരവസരംകൂടി നൽകണമെന്ന് നടൻ അഭ്യർഥിച്ചു. ഷൈനിന് നൽകുന്ന അവസാന അവസരമാണിത്. അതിനെ ദൗർബല്യമായി കാണേണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ അമ്മ പ്രതിനിധികളായ മോഹൻലാൽ, ജയൻ ചേർത്തല, സരയു, അൻസിബ, വിനു മോഹൻ എന്നിവരുമായും സംസാരിച്ചു. തൊഴിലിടം ലഹരിമുക്തമാക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നതിനിടെ അമ്മ അംഗത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായ പ്രവൃത്തിയിലെ അതൃപ്‌തി അവരെ അറിയിച്ചു. മലയാളസിനിമയിൽ മുഴുവൻ ലഹരിയാണെന്നാണ് പൊതുചിത്രം. കോർപറേറ്റുകളും പ്രമുഖ നിർമാതാക്കളും മലയാളസിനിമയിൽ പണം മുടക്കാൻ തയ്യാറാകുന്നില്ല. ആറുമാസത്തിനിടെ സിനിമ നിർമാണം 45 ശതമാനം കുറഞ്ഞു.


വിൻസിക്ക്‌ ഒപ്പമാണ് ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകൾ. വിൻസിയുടെ മേൽ ഒരുവിധ സ്വാധീനവും ഒരു സംഘടനയും നടത്തിയിട്ടില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

വിൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ‘സൂത്രവാക്യം’ സിനിമയുടെ പരാതിപരിഹാരസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ലൊക്കേഷനുകളിൽ ലഹരിമുക്ത ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ലൊക്കേഷനിലെ പൊലീസ് പരിശോധനയിൽ പരാതിയില്ലെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പ്രസിഡന്റ്‌ സിബി മലയിൽ, സെക്രട്ടറി സോഹൻ സീനുലാൽ എന്നിവരും പങ്കെടുത്തു.


പരാതി ഒത്തുതീർപ്പിലേക്കെന്ന്‌ സൂചന

നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്കെന്ന് സൂചന. സിനിമയുടെ ആഭ്യന്തര പരാതിപരിഹാര സമിതിക്കുമുന്നിൽ ഹാജരായ ഷൈൻ നടിയോട് മാപ്പ് പറഞ്ഞതോടെയാണ് ഇതിന്‌ നീക്കം നടക്കുന്നത്‌. ആഭ്യന്തര പരാതിപരിഹാര സമിതി റിപ്പോർട്ട് ഉടൻ കൈമാറും. അതേസമയം, ഷൈനിനെതിരായ ലഹരിക്കേസിൽ പൊലീസ് നടപടി ഊർജിതമാക്കി. കൂടുതൽപേരുടെ മൊഴിയെടുക്കും.


ഷൈൻ ടോം ചാക്കോയും വിൻസിയും കഴിഞ്ഞദിവസമാണ് ആഭ്യന്തര പരാതിപരിഹാര സമിതിക്കുമുന്നിൽ ഹാജരായി മൊഴി നൽകിയത്‌. ഈ യോഗത്തിൽവച്ചാണ്‌ നടൻ മാപ്പ് പറഞ്ഞത്‌. ഇനി മോശമായി പെരുമാറില്ലെന്ന് നടിക്ക് ഉറപ്പുനൽകിയതായും സൂചനയുണ്ട്. ഒത്തുതീർപ്പിന് നീക്കംനടക്കുന്നതിനാൽ ഷൈൻ ടോം ചാക്കോയ്‌ക്ക്‌ സിനിമയിൽ വിലക്ക്‌ അടക്കമുള്ള കടുത്ത നടപടി ഉണ്ടായേക്കില്ല എന്നാണ്‌ സൂചന.



deshabhimani section

Related News

View More
0 comments
Sort by

Home