ടൂറിസം കേന്ദ്രങ്ങൾ രൂപീകരിക്കുന്നതിനടക്കം 1.50 കോടി , ബയോഗ്യാസ് പ്ലാന്റുകൾക്കും ധനസഹായം
വരുന്നൂ ഷീ ടൂറിസം ; 140 വനിതാ സംരംഭങ്ങൾക്ക് ധനസഹായം

എസ് കിരൺബാബു
Published on Jul 07, 2025, 03:31 AM | 1 min read
തിരുവനന്തപുരം
കേരളത്തിലെ വിനോദസഞ്ചാര മേഖലയെ സ്‌ത്രീ കേന്ദ്രീകൃതവും സ്‌ത്രീപക്ഷവുമാക്കാൻ കൂടുതൽ പദ്ധതികളുമായി സംസ്ഥാന സർക്കാർ. സ്‌ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്‌ത്രീകൾ നടത്തുന്ന 140 ടൂറിസം സംരംഭങ്ങൾക്ക് ധനസഹായം നൽകും. ഉത്തരവാദിത്വ ടൂറിസം മിഷനുകീഴിൽ രജിസ്റ്റർചെയ്‌ത തദ്ദേശീയ ഭക്ഷണം (വീട്ടിലെ ഭക്ഷണം വിളമ്പുന്ന അംഗീകൃത യൂണിറ്റ്) നൽകുന്ന സംരംഭങ്ങൾക്കായി വീട്ടമ്മമാർക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. നിലവിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന, സ്‌ത്രീകൾ ഉടമകളായ ഹോംസ്റ്റേകൾക്കും തദ്ദേശീയ ഭക്ഷണ വിതരണത്തിനും ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ ധനസഹായം നൽകുന്നുണ്ട്. ടൂറിസം മേഖലയിൽ സ്‌ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ സ്‌ത്രീ സൗഹൃദ ടൂറിസം നയവും ജെൻഡർ ഓഡിറ്റും നടപ്പാക്കും. സ്‌ത്രീകൾക്ക് മാത്രമായി ഡിസ്‌കൗണ്ട് ടൂർ പാക്കേജുകളുമുണ്ടാകും. ആഗോള വിനോദസഞ്ചാര ഹബ്ബായി വളരുന്ന കേരളത്തിന് ഈ സംരംഭങ്ങൾ കൂടുതൽ മുതൽക്കൂട്ടാകും.
ടൂറിസം രംഗത്ത് വനിതാ പങ്കാളിത്തം ഉയർത്തുന്നതിനും സ്‌ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ രൂപീകരിക്കാനുമായി 1.50 കോടി രൂപ വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
ഹോംസ്റ്റേകൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലബുകൾക്കും ധനസഹായം നൽകാൻ 30 ലക്ഷം രൂപ അനുവദിക്കും. യുഎൻ വുമണിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് കഴിഞ്ഞവർഷം നടപ്പാക്കിയ ആഗോള ലിംഗസമത്വ ഉത്തരവാദിത്വ വനിതാ സമ്മേളനത്തിന്റെ പിന്നാലെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.










0 comments